
വൈദ്യുതി ബില്ലില്‍ കുടിശിക വരുത്തിയാല്‍ ഇനി മുതല്‍ കെഎസ്ഇബി ഉയര്‍ന്ന പിഴ ഈടാക്കും. ജൂണ്‍ 20ന് ശേഷം നല്‍കിയ എല്ലാ ബില്ലുകളിലും സമയബന്ധിതമായി പണം അടച്ചില്ലെങ്കില്‍ 18% വരെ പിഴ ഈടാക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ബില്‍ തുക അടച്ചില്ലെങ്കിലും തത്കാലത്തേക്ക് കണക്ഷന്‍ വിച്ഛേദിക്കണ്ടെന്നാണ് തീരുമാനം. കൊവിഡ് പ്രതിസന്ധിയില്‍ ഗുണഭോക്താക്കളില്‍നിന്ന് തത്കാലം അധിക സെക്യൂരിറ്റി ഈടാക്കേണ്ടന്നും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കെട്ടിവെച്ചിരിക്കുന്ന തുകയില്‍ കുറവ് വന്നാല്‍ അത് ബില്ലില്‍ ഈടാക്കും. കെട്ടിവെച്ചിരിക്കുന്ന തുകയ്ക്ക് നിശ്ചിത ശതമാനം പലിശയും ബില്ലില്‍ കുറവ് ചെയ്യും. എന്നാല്‍ ഉയര്‍ന്ന പിഴ ഈടാക്കാനുളള നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
പുതിയ വൈദ്യുതകണക്ഷനുകള്‍ക്ക് ഇനി ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതിയാകുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അപേക്ഷാഫീസും നല്‍കേണ്ടതില്ല. കൂടാതെ ആദ്യമായി ഓണ്‍ലൈനില്‍ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് ബില്‍ത്തുകയുടെ അഞ്ച് ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. പരമാവധി 100 രൂപവരെയാകും ഇങ്ങനെ സബ്‌സിഡിയായി ലഭിക്കുക.
ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്‍ ഉയര്‍ന്നതാണെന്ന പരാതികളെ തുടര്‍ന്ന് ബില്‍ തുക തവണകളായി അടക്കാനുളള സൗകര്യം നേരത്തെ കെഎസ്ഇബി ഒരുക്കിയിരുന്നു. ബില്ലിലെ തുക അഞ്ച് തവണകളായി അടക്കനാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച വൈദ്യുതി ബില്ലുകള്‍ നിലവില്‍ അടച്ചു കഴിഞ്ഞ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ സബ്സിഡി ജൂലൈ 6 മുതലുള്ള ബില്ലുകളില്‍ കുറവുചെയ്തും കെഎസ്ഇബി നല്‍കിയിരുന്നു.