
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്‌ഐഡിസി ഇന്‍വെസ്റ്റ്‌മെന്റ് സോണിന്റെ വിപുലീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാവുകയാണെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സ്ഥിതി ചെയ്യുന്ന ഈ വ്യവസായ പാര്‍ക്ക് ലഘു എഞ്ചിനീയറിംഗ് വ്യവസായ യൂണിറ്റുകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പാര്‍ക്കിലെ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി പ്രവര്‍ത്തന സജ്ജമായതായി മന്ത്രി അറിയിച്ചു.
65,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം മൂന്ന് നിലകളിലായാണ് ഒരുക്കിയിരിക്കുന്നത്. 17 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 34.5 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് സോണില്‍ 23 ഏക്കറോളം ഭൂമി നിക്ഷേപകര്‍ക്കായി നല്‍കി കഴിഞ്ഞു. പാര്‍ക്കിലെ രണ്ടാമത്തെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായത്.
56,000 ചതുരശ്ര അടി വിസ്തൃതിയുള്ള മറ്റൊരു സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി നേരത്തെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ഘട്ടങ്ങളിലായി 90 കോടിയോളം രൂപ ചെലവഴിച്ചാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം. ജലം,റോഡ്,വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിടച്ടുണ്ട്. 400 കോടി രൂപവരെ നിക്ഷേപം പാര്‍ക്കില്‍ പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ക്കില്‍ ആകെ 2,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.