
ആലപ്പുഴ: തിരഞ്ഞെടുപ്പു ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ച കുടുംബശ്രീ കാന്റീനുകള്‍ക്ക് മികച്ച നേട്ടം. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഊണും ചായയുമൊക്കെയായി കൃത്യസമയത്തു ഭക്ഷണമെത്തിച്ചത് കുടുംബശ്രീ ഒരുക്കിയ അടുക്കളകളില്‍ നിന്നായിരുന്നു. 2.1 കോടിയിലേറെ രൂപയാണ് ഊണൊരുക്കിയ വകയില്‍ കുടുംബശ്രീയുടെ വരുമാനം. വിവിധ നിയമസഭാമണ്ഡലങ്ങളിലായി 161 ഭക്ഷണവിതരണകേന്ദ്രങ്ങളും 128 കാന്റീനുകളുമാണ് തിരഞ്ഞെടുപ്പിന് തലേന്നും വോട്ടിങ് ദിവസവുമായി കുടുംബശ്രീ തുടങ്ങിയത്. സംസ്ഥാനത്തെ 3372 കുടുംബശ്രീ യൂണിറ്റുകള്‍ ഇതില്‍ പങ്കാളികളായി.
ആകെയുള്ള 29156 പോളിങ് സെന്ററുകളില്‍ 14815 കേന്ദ്രങ്ങളിലും ഭക്ഷണമെത്തിച്ചത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. വിവിധ ജില്ലകളിലെ 11636 കുടുംബശ്രീ അംഗങ്ങളാണ് സാധനങ്ങളെത്തിച്ചു ഭക്ഷണം തയാറാക്കിയതു മുതല്‍ വിതരണം വരെയുള്ള ജോലികള്‍ ചെയ്തത്. ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവുമധികം വിതരണകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. ഇടുക്കിയില്‍ 29, കോഴിക്കോട്ട് 23. വരുമാനത്തില്‍ മുന്നില്‍ തലസ്ഥാന ജില്ലയാണ്. 51.2 ലക്ഷത്തോളം രൂപ.
കുടുംബശ്രീ ജില്ലാ മിഷന്‍ വഴിയാണു ഗ്രൂപ്പുകളെ ഭക്ഷണവിതരണത്തിനായി തിരഞ്ഞെടുത്തത്. ജനകീയ ഹോട്ടലുകള്‍ നടത്തുന്ന അയല്‍ക്കൂട്ടങ്ങളെയും കേറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെയുമാണ് കൂടുതലും പരിഗണിച്ചത്. പ്രാതല്‍, ഉച്ചയൂണ്, രാത്രിഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവയായിരുന്നു മെനു.