
കൊച്ചി: കോവിഡ് ലോക്ഡൗണിനുശേഷം വീണ്ടും തുറന്ന തിയേറ്ററുകള്‍ക്ക് ആവേശമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' എത്തി. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലുമായി 505 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ മാത്രം 2000-ത്തിലേറെ പ്രദര്‍ശനങ്ങളാണ് നടന്നത്. ആദ്യദിനത്തില്‍ ആറുകോടിയിലേറെ രൂപ സിനിമയ്ക്കു ലഭിച്ചതായാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്' നല്‍കുന്ന കണക്ക്. ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷനുപുറമേ 'ഫിയോകി'ന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി.