
കോവിഡ് 19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക നഷ്ടം കാരണം 1,500 വിദേശ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയുടെയും വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് നിലവിലെ പിരിച്ചുവിടലുകളെന്ന്, കുവൈറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ വ്യാഴാഴ്ച ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിലവില്‍ 7,000 -ത്തോളം ജീവനക്കാരാണ് കുവൈറ്റ് എയര്‍ലൈനിന് കീഴില്‍ ജോലി ചെയ്യുന്നത്. പിരിച്ചുവിടല്‍ കുവൈറ്റ് ഇതര ജീവനക്കാരെ മാത്രമെ ബാധിക്കുകയുള്ളൂവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. കമ്പനിയ്ക്ക് കാര്യമായ പ്രതിസന്ധികളാണ് കൊവിഡ് 19 സൃഷ്ടിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ലോകമെമ്പാടുമുള്ള എയര്‍ലൈനുകളെ മഹാമാരി ബാധിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു കാരിയര്‍.
വിമാന വ്യവസായ വെബ്സൈറ്റായ ഫ്ളൈറ്റ് ഗ്ലോബല്‍ റിപ്പോര്‍ട്ട് ചെയ്തതിനനുസരിച്ച് 2019 ജനുവരിയില്‍ കമ്പനിയുടെ നഷ്ടം 435 മില്യണ്‍ ഡോളറായിരുന്നു. എണ്ണ സമ്പന്നമായ അയല്‍രാജ്യങ്ങളെപ്പോലെ കുവൈറ്റിനെയും എണ്ണ വരുമാനത്തിലെ മാന്ദ്യവും കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക ആഘാതവും സാരമായി ബാധിച്ചിട്ടുണ്ട്. ഇത് ഭൂരിഭാഗം മിഡില്‍ ഈസ്റ്റ് വിമാനങ്ങളെയും സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഇടയാക്കി.
അടുത്തിടെ, സ്വദേശികളെ കുവൈറ്റിലേക്ക് കൊണ്ടുപോവുന്ന വിമാനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതിലൂടെ, കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 30,000 കുവൈറ്റ് സ്വദേശികളെ നാട്ടിലെത്തിക്കാനായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി എന്ന നിലയില്‍, കുവൈറ്റ് എയര്‍വേയ്സിന്റെ നഷ്ടം സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെ എയര്‍ലൈന്‍ വ്യവസായത്തിന് ഉത്തേജക പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. മിഡില്‍ ഈസ്റ്റിലെ എയര്‍ലൈന്‍ വ്യവസായത്തിന് വരുമാനത്തില്‍ 19 ബില്യണ്‍ ഡോളര്‍ (39 ശതമാനം) നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ മാസം ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍ (ഐഎടിഎ) അറിയിച്ചിരുന്നു.
മേഖലയിലെ വ്യോമയാന പ്രതിസന്ധി 1.2 ദശലക്ഷം തൊഴിലവസരങ്ങളെ ആശങ്കയിലാക്കാനിടയുണ്ടെന്നും ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. കുവൈറ്റിലെ സ്വകാര്യ കമ്പനികള്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും അത്തരം നടപടികള്‍ സ്വീകരിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ കമ്പനിയാണ് എയര്‍ലൈന്‍.