
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സഭയില്‍ വലിയ അഴിച്ചുപണിയുണ്ടായേക്കാമെന്ന സൂചന വീണ്ടും ശക്തമാകുന്നു. ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനെ തല്‍സ്ഥാനത്ത് നിന്ന മാറ്റിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മറ്റ് മന്ത്രിപദവികളിലും മാറ്റമുണ്ടായേക്കുമെന്നാണ് പുതിയതായി പുറത്തുവരുന്ന ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ ധനകാര്യ രംഗത്ത് വലിയ പരിഷ്‌കാരങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിനായി പ്രവര്‍ത്തന മികവും പ്രാവീണ്യവുമുള്ള പുതുമുഖത്തിന് അവസരം നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്സിന്റെ വികസന ബാങ്കായ ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രസിഡന്റായിരുന്ന കെ വി കാമത്തിന്റെ പേരാണ് ധനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇന്‍ഫോസിസിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടാതെ നന്ദന്‍ നിലേകാനി, മോഹന്‍ദാസ് പൈ, സുരേഷ് പ്രഭു എന്നിവരും മന്ത്രിസഭയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ നന്ദന്‍ നിലേകാനിക്ക് സുപ്രധാന വകുപ്പിന്റെ ക്യാബിനറ്റ് ചുമതല ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി ചുമതലകളില്‍ നിന്ന് മാറ്റുന്നവരെ പാര്‍ട്ടി പദവികളിലേക്ക് നിയമിക്കാനാണ് ബിജെപി ആലോചിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ഒപ്പം ബിഹാര്‍, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി മുന്‍കൂട്ടി കണ്ടുള്ള മാറ്റങ്ങളാണ് എന്‍ഡിഎ പദ്ധതിയിടുന്നതെന്നാണ് സൂചന.
പുന:സംഘടനയെ തുടര്‍ന്ന് അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും സുപ്രധാന പദവി തന്നെ മന്ത്രിസഭയില്‍ ലഭിച്ചേക്കും. ഐഎഎന്‍എസ് അടക്കമുളള വാര്‍ത്താ ഏജന്‍സികള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.