സ്വര്‍ണം വാങ്ങാന്‍ ഇനി ആധാര്‍ കാര്‍ഡും; കെവൈസി ചട്ടങ്ങള്‍ നിര്‍ബന്ധമെന്ന് കേന്ദ്രം

January 09, 2021 |
|
News

                  സ്വര്‍ണം വാങ്ങാന്‍ ഇനി ആധാര്‍ കാര്‍ഡും;   കെവൈസി ചട്ടങ്ങള്‍ നിര്‍ബന്ധമെന്ന് കേന്ദ്രം

രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ മാത്രം കെവൈസി ചട്ടങ്ങള്‍ നിര്‍ബന്ധമെന്ന് കേന്ദ്ര ധനമന്ത്രാലയം. രണ്ടു ലക്ഷം രൂപയ്ക്ക് താഴെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ ആധാറോ പാന്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ സമര്‍പ്പിക്കേണ്ടതില്ലെന്ന് ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യു വകുപ്പ് ശനിയാഴ്ച്ച അറിയിച്ചു. സ്വര്‍ണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോഴും ഈ ചട്ടം ബാധകമാണ്.

വിലയേറിയ ലോഹങ്ങളും കല്ലുകളും വില്‍ക്കുന്ന ഡീലര്‍മാര്‍ക്കും പുതിയ നിര്‍ദ്ദേശം മന്ത്രാലയം നല്‍കിയിട്ടുണ്ട്. പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നേരിട്ടുള്ള കാശായാണ് നടക്കുന്നതെങ്കില്‍ മാത്രം ഡീലര്‍മാര്‍ കെവൈസി ചട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. കെവൈസിയുടെ ഭാഗമായി ആധാര്‍, പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഉപഭോക്താവ് ബാധ്യസ്തനുമാണ്. 'ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്' (എഫ്എടിഎഫ്) ഈ ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാവുന്നത് തടയാനുമായി സ്ഥാപിതമായ ആഗോള ഏജന്‍സിയാണ് ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്. ഇന്ത്യയില്‍ നടക്കുന്ന സംശയാസ്പദമായ എല്ലാ പണമിടപാടുകളിലും എഫ്എടിഎഫിന് ഇടപെടാന്‍ അനുവാദമുണ്ട്. 2010 മുതല്‍ ഇന്ത്യ എഫ്എടിഎഫില്‍ അംഗമാണ്. നിലവില്‍ 15,000 ഡോളര്‍/യൂറോയ്ക്ക് മുകളിലുള്ള കാശിടപാടുകള്‍ക്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ സ്വര്‍ണാഭരണ രംഗത്തുള്ളവര്‍ക്ക് എഫ്എടിഎഫ് പ്രത്യേക നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

നേരത്തെ, രണ്ടു ലക്ഷം രൂപയ്ക്ക് താഴെ സ്വര്‍ണം വാങ്ങുന്നവരും തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന തെറ്റായ സന്ദേശം സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കാന്‍ ധനമന്ത്രാലയം തീരുമാനിച്ചത്. രണ്ടു ലക്ഷം രൂപയ്ക്ക് താഴെ സ്വര്‍ണം വാങ്ങുന്നവര്‍ നേരിട്ട് പണമായാണ് ഇടപാട് നടത്തുന്നതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. നിലവില്‍ ആദായനികുതി നിയമം 269 എസ്ടി വകുപ്പുപ്രകാരം രണ്ടു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ നേരിട്ടുള്ള പണമായി നടത്താന്‍ ആര്‍ക്കും അനുവാദമില്ല.

Related Articles

© 2025 Financial Views. All Rights Reserved