ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നിര്‍മാണക്കരാര്‍ എല്‍ ആന്റ് ടിയ്ക്ക്; കരാര്‍ 7000 കോടി രൂപയുടേത്

November 20, 2020 |
|
News

                  ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നിര്‍മാണക്കരാര്‍ എല്‍ ആന്റ് ടിയ്ക്ക്; കരാര്‍ 7000 കോടി രൂപയുടേത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ അഥവാ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലാണ് പദ്ധതി വരുന്നത്. എന്തായാലും ഈ പദ്ധതി മുന്നോട്ട് തന്നെയാണ് എന്നാണ് വിവരം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വന്‍ നിര്‍മാണക്കരാര്‍ തങ്ങള്‍ക്ക് ലഭിച്ചതായി നിര്‍മാണ മേഖലയിലെ വമ്പന്‍മാരായ എല്‍ ആന്റ് ടി (ലാര്‍സന്‍ ആന്‍ഡ് ടോബ്രോ) വ്യക്തമാക്കി.

മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് അതിവേഗ തീവണ്ടി പാത നിര്‍മിക്കുന്നത്. നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന് കീഴില്‍ ആണ് പദ്ധതി. എംഎഎച്ച്എസ്ആര്‍ ( മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍) എന്ന പദ്ധതി തന്നെയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി എന്ന് അറിയപ്പെടുന്നത്.

വന്‍കിട നിര്‍മാണ കമ്പനിയായ എല്‍ ആന്റ് ടി ആണ് ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ വലിയ നിര്‍മാണക്കരാര്‍ തങ്ങള്‍ക്ക് ലഭിച്ചു എന്ന് വ്യക്തമാക്കിയിട്ടുള്ളത്. എംഎഎച്ച്എസ്ആറിന്റെ 87.57 കിലോമീറ്റര്‍ സ്ട്രച്ചിന്റെ നിര്‍മാണക്കരാര്‍ ആണ് എല്‍ ആന്റ് ടിയ്ക്ക് ലഭിച്ചിരിക്കുന്നത്. എത്ര രൂപയുടെ നിര്‍മാണ കരാര്‍ ആണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത് എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഏഴായിരം കോടി രൂപ മൂല്യം വരുന്നതാണ് ഈ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ സി-6 പാക്കേജിന്റെ നിര്‍മാണമാണ് ഇപ്പോള്‍ എല്‍ ആന്റ് ടി ഏറ്റെടുത്തിട്ടുള്ളത്. സി-4 പാക്കേജ് ആയിരുന്നു രാജ്യത്തെ ഏറ്റവും വലിയ ഇപിസി (എന്‍ജിനീയറിങ്, പ്രൊക്വ്യര്‍മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍) കോണ്‍ട്രാക്ട്. 237.1 കിലോമീറ്റര്‍ സ്ട്രച്ചിന്റെ നിര്‍മാണം ആയിരുന്നു ഇത്.

സി-6 പാക്കേജില്‍ എന്തൊക്കെ ഉള്‍പ്പെടും എന്ന് കൂടി പരിശോധിക്കാം. വലിയ തീവണ്ടിപ്പാലങ്ങള്‍, ഒരു സ്റ്റേഷന്‍, പ്രധാനപ്പെട്ട നദീപാലങ്ങള്‍, മെയിന്റനന്‍സ് ഡിപ്പോകള്‍ മറ്റ് അനുബന്ധ ജോലികള്‍എന്നിവയാണ് ഇതില്‍ പെടുക. മൊത്തം നീളത്തിന്റെ 17.2 ശതമാനമാണ് ഈ സ്ട്രച്ചില്‍ നിര്‍മിക്കുന്നത്.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് സമ്പദ് ഘടനയുടെ തിരിച്ചുവരവിന്റെ സൂചനയാണ് എന്നാണ് എല്‍ ആന്റ് ടി സിഇഒയും മാനേജിങ് ഡയറക്ടറും ആയ എസ്എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞത്. ഇന്ത്യന്‍ നിര്‍മാണ മേഖലയ്ക്ക് വലിയ ആശ്വാസം നല്‍കുന്നതിനൊപ്പം മേക്ക് ഇന്‍ ഇന്ത്യയ്ക്കും ആത്മനിര്‍ഭര്‍ ഭാരത് അഭിനായനും മുന്നിലുള്ള സാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

1.08 ട്രില്യണ്‍ കോടി രൂപയാണ് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കുന്നത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയുടെ ഫണ്ടിങ്ങോടെയാണ് പദ്ധതി നടിപ്പിലാക്കുന്നത്. ഏകദേശം 508 കിലോമീറ്റര്‍ നീളത്തിലുള്ള പാളമാണ് ഇതിനായി നിര്‍മിക്കുന്നത്. 12 സ്റ്റേഷനുകളും ഉണ്ടാകും.

Related Articles

© 2025 Financial Views. All Rights Reserved