
യുഎഇയിലെ ഏഴ് തന്ത്രപ്രധാന സ്ഥലങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളുടെ ഡീസൈനിങ്ങും നിര്‍മാണത്തിനുമായുള്ള വന്‍ കരാര്‍ സ്വന്തമാക്കി ലാര്‍സന്‍ ആന്റ് ടര്‍ബോ. ഇത്തിഹാദ് റെയില്‍ കമ്പനി പിജെഎസ് സിയില്‍ നിന്നാണ് ഇത്രയും വലിയ കരാര്‍ നേടിയത്. അന്താരാഷ്ട്രതലത്തില്‍നടന്ന കടുത്ത മത്സരത്തിലൂടെയാണ് മറ്റ് കമ്പനികളെ തോല്‍പ്പിച്ച് ഇവര്‍ കരാര്‍ സ്വന്തമാക്കിയത്. ഈ വിവരം ബിഎസ്ഇയില്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടിലാണ് എല്‍ ആന്റ് ടി വ്യക്തമാക്കിയിരിക്കുന്നത്. യുഎഇയുടെ ദേശീയ ചരക്ക് നീക്ക,യാത്രാ റെയില്‍വേ നെറ്റ് വര്‍ക്കിന്റെ വികസനവും നിര്‍മാണവും ഓപ്പറേഷനുമൊക്കെ ഇത്തിഹാദ് റെയില്‍ കമ്പനി പിജെഎസ് സിയാണ് കൈകാര്യം ചെയ്യുന്നത്. പവര്‍ ചൈനയ്‌ക്കൊപ്പം ചേര്‍ന്നാണ് ജോയിന്റ് വെഞ്ച്വര്‍ ഈ പ്രൊജക്ട് നടപ്പാക്കുക.
സിവില്‍, സ്ട്രക്ചറല്‍ ജോലികള്‍, ബള്‍ക്ക് മെറ്റീരിയല്‍ സ്റ്റോറേജ് സൗകര്യങ്ങള്‍, ചരക്ക് ടെര്‍മിനല്‍ മാനേജ്‌മെന്റിനൊപ്പം പൊതു ചരക്ക്, കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യല്‍ സൗകര്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം ബള്‍ക്ക് മെറ്റീരിയല്‍ കൈകാര്യം ചെയ്യല്‍ സംവിധാനങ്ങള്‍ (റെയില്‍ ലോഡിംഗ്, അണ്‍ലോഡിംഗ് സിസ്റ്റങ്ങള്‍) രൂപകല്‍പ്പന, എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം, കമ്മീഷന്‍ ചെയ്യല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് എല്‍ ആന്റ് ടി അറിയിച്ചു.