
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് രാജ്യത്തെ തൊഴില്‍രഹിതര്‍ക്ക് ആശ്വാസമേകി കേന്ദ്ര സര്‍ക്കാര്‍. ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്കായി ആരംഭിച്ച അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന (എബിവികെവൈ) പ്രകാരം 55,125 പേര്‍ക്ക് 73.23 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തതായി തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
1948ലെ ഇഎസ്‌ഐ ആക്ട് സെക്ഷന്‍ 2 (9) പ്രകാരം തൊഴിലാളികള്‍ക്കായി ആരംഭിച്ച ക്ഷേമ പദ്ധതിയാണ് എബിവികെവൈ. 2018ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇഎസ്ഐ ഗുണഭോക്താവ് തൊഴില്‍രഹിതനായാല്‍ പ്രതിദിന വേതനത്തിന്റെ ശരാശരി 50 ശതമാനം നിരക്കില്‍ പരമാവധി 90 ദിവസത്തേക്ക് എബിവികെവൈ പ്രകാരം ധനസഹായം ലഭിക്കും. ഇതിന് ഓണ്‍ലൈന്‍ വഴി ക്ലെയിം സമര്‍പ്പിക്കാം. ഗുണഭോക്താവ് മരിച്ചാല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് ശവസംസ്‌കാരച്ചെലവ് ഇനത്തില്‍ 15,000 രൂപയും നല്‍കും.
തൊഴില്‍സ്ഥാപനം അടച്ചുപൂട്ടി തൊഴില്‍രഹിതനാകുന്ന ഗുണഭോക്താവിന് എബിവികെവൈ പ്രകാരം രണ്ട് വര്‍ഷം വരെ തൊഴിലില്ലായ്മ അലവന്‍സ് ക്ലെയിം ചെയ്യാം. ഇതിന് പദ്ധതിയില്‍ അംഗമായവര്‍ തൊഴില്‍രഹിതരാകുന്നതിന് മുമ്പ് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലിയില്‍ ആയിരിക്കണം. കൂടാതെ 78 ദിവസം വരെയെങ്കിലും എബിവികെവൈയില്‍ തവണകളടക്കുകയും വേണം. ജോലി നഷ്ടപ്പെട്ട തീയതി മുതല്‍ 30 ദിവസം വരെ ക്ലെയിം സമര്‍പ്പിക്കാനാകും. തൊഴില്‍ ഇല്ലാതിരിക്കുന്ന മാസങ്ങളില്‍ ഈ തുക ലഭിക്കും.
ഇഎസ്ഐ ഗുണഭോക്താക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ കൊവിഡ്-19 ബാധിച്ചാല്‍ ഇഎസ്ഐസിയുടെ പ്രത്യേക കൊവിഡ് ആശുപത്രികളില്‍ ചികില്‍സ സൗജന്യമായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ നേരിട്ട് നടത്തുന്ന 21 ഇഎസ്‌ഐസി ആശുപത്രിയില്‍ 3676 ഐസൊലേഷന്‍, 229 ഐസിയു, 163 വെന്റിലേറ്റര്‍ കിടക്കകളുണ്ട്. കൂടാതെ, ഇഎസ്‌ഐസി പദ്ധതിപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന 26 കൊവിഡ് ആശുപത്രിയില്‍ 2023 കിടക്കകളും ലഭ്യമാണ്. ഓരോ ഇഎസ്‌ഐസി ആശുപത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം കൊവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കണം.