
ലക്ഷ്മി വിലാസ് ബാങ്കിന്റെ (എല്‍വിബി) എല്ലാ ശാഖകളും ഇന്ന് മുതല്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡിബിഎസ് ബാങ്കിന്റെ ഇന്ത്യന്‍ വിഭാഗത്തിന്റെ ശാഖകളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഇതോടെ 25,000 രൂപ പിന്‍വലിക്കല്‍ പരിധി ഉള്‍പ്പെടെയുള്ള ലക്ഷ്മി വിലാസ് ബാങ്കിന് മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യും. മൊറട്ടോറിയത്തില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം നവംബര്‍ 17 ന് റിസര്‍വ് ബാങ്ക് എല്‍വിബിയുടെ ബോര്‍ഡ് അസാധുവാക്കിയിരുന്നു.
2020 നവംബര്‍ 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന കരാര്‍ അനുസരിച്ച് ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിന്റെ ഉപഭോക്താക്കളായി അവരുടെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് എല്‍വിബി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഇതോടെ ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയവും അവസാനിപ്പിക്കും.
പതിവ് പോലെ ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ എല്‍വിബിയുടെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായുള്ള (ഡിബിഎല്‍) ലയനത്തിന് അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ലയന തീയതി ആര്‍ബിഐ അറിയിച്ചത്.
ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് 2020 നവംബര്‍ 27 മുതല്‍ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിന്റെ (ഡിബിഎല്‍) ഉപഭോക്താക്കളായി അവരുടെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും തല്‍ഫലമായി ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിലെ മൊറട്ടോറിയം അവസാനിപ്പിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. എല്‍വിബി ഉപഭോക്താക്കള്‍ക്ക് പതിവുപോലെ സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡിബിഎല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേര്‍ത്തു.
പുതിയ സാഹചര്യത്തില്‍ ഡിബിഎസ് ഇന്ത്യയുടെ ഉപഭോക്തൃ നിക്ഷേപവും അറ്റ വായ്പയും 50 മുതല്‍ 70 ശതമാനം വരെ വര്‍ധിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് പ്രവചിക്കുന്നു. നിലവില്‍ 500 ഓളം ശാഖകള്‍ ലക്ഷ്മി വിലാസ് ബാങ്കിന് ഇന്ത്യയിലുടനീളമുണ്ട്. ഇവ ഡിബിഎസിലേക്ക് വന്നുചേരും. പറഞ്ഞുവരുമ്പോള്‍ 27 ശാഖകള്‍ മാത്രമാണ് ഡിബിഎസ് ബാങ്ക് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയെ സുപ്രധാന വിപണിയായാണ് ഡിബിഎസ് ഉറ്റുനോക്കുന്നത്.