
ചെന്നൈ: സംസ്ഥാനത്ത് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് സര്‍ക്കാര്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവില്‍ ഇളവുകള്‍, ഗതാഗത സൗകര്യം, ജിഎസ്ടി റീഫണ്ട് തുടങ്ങിയവ നല്‍കുമെന്നാണ് പ്രഖ്യാപനം. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ബിസിനസ് പ്രവര്‍ത്തനങ്ങളും വിതരണശൃംഖലകളും വ്യാപിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഗുണകരമാകുന്നതാണ് പദ്ധതി.
നാലുവര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറാകണം. 5000 കോടി രൂപയില്‍ മുകളിലുള്ള പദ്ധതികള്‍ക്ക് ഏഴുവര്‍ഷവും നിക്ഷേപകാലയളവ് അനുവദിക്കും. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കഴിഞ്ഞദിവസം ചെന്നൈയില്‍ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ് വ്യവസായ വികസനത്തിനുള്ള ആനുകൂല്യങ്ങളും നല്‍കുന്നത്.
തമിഴ്നാട്ടിലെ വ്യവസായ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലകളില്‍ 50 ശതമാനം നിരക്ക് ഇളവ് നല്‍കി ഭൂമികൈമാറും. അഞ്ചുവര്‍ഷത്തേയ്ക്ക് വൈദ്യുതി നികുതിയില്‍ ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരുകോടി രൂപവരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴില്‍വരും.