
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ വിദ്യാശ്രീ വഴി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു ലാപ്‌ടോപ്പുകള്‍ നല്‍കുക കൊക്കോണിക്‌സ്, ഏയ്‌സര്‍, ലെനോവോ കമ്പനികള്‍. ഐടി മിഷന്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി. ഈ കമ്പനികളെ എംപാനല്‍ ചെയ്യും. സര്‍ക്കാരിനു ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്‌സിന്റെ ലാപ്‌ടോപ്പിന് 14,990 രൂപ, ഏയ്‌സര്‍ 17,883 രൂപ, ലെനോവോ 18,000 രൂപ എന്നിങ്ങനെയാണു നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. ഒരു ലാപ്‌ടോപ്പിനു 18,000 രൂപ വരെ ഈടാക്കാനാണു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഫെബ്രുവരിയില്‍ ആദ്യ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കും.
ഇതു ലഭിച്ചു 12 ആഴ്ചയ്ക്കകം കമ്പനികള്‍ ലാപ്‌ടോപ് ലഭ്യമാക്കണമെന്നാണു വ്യവസ്ഥ. ഇന്റല്‍ സെലറോണ്‍ എന്‍4000 അല്ലെങ്കില്‍ എഎംഡി പ്രോസസറാണു ലാപ്‌ടോപ്പുകളിലുണ്ടാവുക. 4 ജിബി റാം, 128 ജിബി മിനിമം സ്റ്റോറേജ് എന്നിവയുണ്ടാകും.ഏകദേശം 1.2 ലക്ഷം വിദ്യാര്‍ഥികളാണു ലാപ്‌ടോപ്പിനായി കെഎസ്എഫ്ഇ ചിട്ടിയില്‍ തവണയടച്ചു മാസങ്ങളായി കാത്തിരിക്കുന്നത്. കുടുംബശ്രീ വഴി 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയില്‍ ചേര്‍ന്നു 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്നവര്‍ക്കു ലാപ്‌ടോപ് നല്‍കുന്നതാണു പദ്ധതി.