
ചെറുകിട നികുതിദായകര്‍ക്ക് ആശ്വാസമേകി 2021- 22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഎസ്ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള ലേറ്റ് ഫീസ് താല്‍ക്കാലികമായി ഒഴിവാക്കി. കോമ്പോസിഷന്‍ സ്‌കീമിന് കീഴില്‍ അധിക പിഴകള്‍ ഒന്നും ഇല്ലാതെ തന്നെ ജൂണ്‍ 30 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാമെന്നു കേന്ദ്ര പരോഷ നികുതി ആന്‍ഡ് കസ്റ്റംസ് ബോര്‍ഡ് (സിബിഐസി) വ്യക്തമാക്കി. വ്യാഴാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഎസ്ടിആര്‍- 4 ഫയല്‍ ചെയ്യുന്നതിലെ കാലതാമസത്തിന് മേയ് ഒന്നു മുതല്‍ ജൂണ്‍ 30 വരെ ലേറ്റ് ഫീസ് ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, ജി.എസ്.ടി.ആര്‍- 4 ഫയല്‍ ചെയ്യുന്നതിനുള്ള കാലതാമസത്തിന് പ്രതിദിനം 50 രൂപ പിഴ ഈടാക്കും. അതേസമയം അടയ്‌ക്കേണ്ട നികുതി തുക പൂജ്യമാണെങ്കില്‍ 500 രൂപയില്‍ കൂടുതല്‍ ലേറ്റ് ഫീ ആയി ചുമത്താന്‍ കഴിയില്ല. മറ്റെല്ലാ കേസുകളിലും പരമാവധി 2,000 രൂപയാണ് ഈടാക്കാവുന്ന പിഴ. ഒരു സാമ്പത്തിക വര്‍ഷം 1.5 കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള ഏതൊരു നിര്‍മ്മാതാവിനും, വ്യാപാരിക്കും ജിഎസ്ടി കോമ്പോസിഷന്‍ പദ്ധതി ഉപയോഗപ്പെടുത്താം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിസിനസുകള്‍ക്ക് വിറ്റുവരവ് പരിധി 75 ലക്ഷം രൂപയാണ്.
പദ്ധതിക്കു കീഴില്‍ നിര്‍മ്മാതാക്കളും, വ്യാപാരികളും ഒരു ശതമാനം ജിഎസ്ടി നല്‍കേണ്ടതുണ്ട്. അതേസമയം റെസ്റ്റോറന്റുകള്‍ക്ക് അഞ്ചു ശതമാനവും (മദ്യം നല്‍കാത്തവ), മറ്റ് സേവന ദാതാക്കള്‍ക്ക് ആറു ശതമാനവുമാണ് നികുതി. ചെറുകിട നികുതിദായകരെ സംരക്ഷിക്കുന്നതിനും, അവരുടെ ആവശ്യം പരിഗണിച്ചുമാണ് നിലവില്‍ ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്. നടപടി സ്വഗതാര്‍ഹമാണെന്നും അനവധി കോമ്പോസിഷന്‍ നികുതിദായകര്‍ക്കു സഹായമാകുമെന്നും വിപണി വിദഗ്ധര്‍ പ്രതികരിച്ചു.