
ഹോംഗ്രോണ്‍ ഇലക്ട്രോണിക്സ് കമ്പനിയായ ലാവ ഇന്റര്‍നാഷണല്‍ ഓഹരി വിപണിയിലേക്കെത്തുന്നതിന്റെ ഭാഗമായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സെബിയില്‍ സമര്‍പ്പിച്ചു. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കൂടാതെ, 43,727,603 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നതായിരിക്കും ഐപിഒ.
ഐപിഒയ്ക്ക് മുന്നോടിയായി 100 കോടി രൂപ സമാഹരിക്കുന്നതിനായി ഒരു സ്വകാര്യ പ്ലേസ്മെന്റ് റൗണ്ട് നടത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഹോങ്കോംഗ് ആസ്ഥാനമായുള്ള യൂനിക് മെമ്മറി ടെക്നോളജി, ടാപ്പര്‍വെയര്‍ കിച്ചന്‍വെയര്‍ എന്നിവയുടെ ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയ്ലിലൂടെ കൈമാറുന്നത്. അതേസമയം, സെപ്റ്റംബറില്‍ കമ്പനി ഒരു ഓഹരി വിഭജനം നടത്തിയിരുന്നു. ഇക്വിറ്റി ഷെയറുകളുടെ മുഖവില 10 രൂപയില്‍ നിന്ന് 5 രൂപയായാണ് വിഭജിച്ചത്.
ആക്സിസ് ക്യാപിറ്റല്‍, ബിഒബി ക്യാപിറ്റല്‍, ഡിഎഎം ക്യാപിറ്റല്‍, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍ എന്നിവയെയാണ് ഐപിഒ മാനേജര്‍മാരായി കമ്പനി തെരഞ്ഞെടുത്തിട്ടുള്ളത്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ ഇലക്ട്രോണിക്സ് കമ്പനിയായ ലാവ ഇന്റര്‍നാഷണല്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് എന്നിവയാണ് നിര്‍മിക്കുന്നത്.