
കഴിഞ്ഞ ഒരു വര്‍ഷമായി ബാങ്കിംഗ് മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ നിക്ഷേപകരെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്ക് (പിഎംസി) പ്രതിസന്ധി സമയത്ത് റിസര്‍വ് ബാങ്ക് പിഎംസിയ്ക്ക് മേല്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. അതിന് ശേഷം യെസ് ബാങ്ക് ഈ വര്‍ഷം മാര്‍ച്ചില്‍ പ്രതിസന്ധിയിലായി. രണ്ടാഴ്ചയോളം യെസ് ബാങ്കിലെ നിക്ഷേപം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഇപ്പോള്‍ റിസര്‍വ് ബാങ്ക് ലക്ഷ്മി വിലാസ് ബാങ്കിനെയാണ് (എല്‍വിബി) മൊറട്ടോറിയത്തിന് വിധേയമാക്കിയിരിക്കുന്നത്. ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി ലക്ഷ്മി വിലാസ് ബാങ്കിനെ ലയിപ്പിക്കാനും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്‍വിബി നിക്ഷേപകര്‍ക്ക് ഇതിലൂടെ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി എല്‍വിബിയുടെ സാമ്പത്തിക സ്ഥിതി കുത്തനെ ഇടിഞ്ഞു. കിട്ടാക്കടങ്ങളുടെ ഉയര്‍ച്ച കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് നഷ്ടം നേരിടുകയാണ്. ഇത് ലാഭത്തിലും മൂലധനത്തിലും വന്‍ ഇടിവിന് കാരണമായി. കഴിഞ്ഞ ഒരു വര്‍ഷമായി ബാങ്ക് മൂലധനം സമാഹരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം ഇന്ത്യാബുള്‍സ് ഹൌസിംഗ് ഫിനാന്‍സുമായുള്ള ലയന ശ്രമം നടത്തി. പിന്നീട് ക്ലിക്‌സ് ഗ്രൂപ്പില്‍ നിന്നുള്ള നിക്ഷേപ ഇടപാടുകളും ഫലവത്തായില്ല.
പിന്നീട് റിസര്‍വ് ബാങ്ക് രംഗത്തെത്തുകയും ബാങ്ക് ബോര്‍ഡിനെ അസാധുവാക്കുകയും ചെയ്തു. കൂടാതെ, നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി റിസര്‍വ് ബാങ്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പിന്‍വലിക്കലിന് ഒരു നിക്ഷേപകന് 25,000 രൂപയുടെ പരിധിയാണ് ഇപ്പോള്‍ ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്നത്.
2020 ഡിസംബര്‍ 16 വരെയാണ് 25000 രൂപ പരിധിയില്‍ ലക്ഷ്മി വിലാസ് ബാങ്കില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുന്നത്. യെസ് ബാങ്കിന്റെ കാര്യത്തില്‍ നിക്ഷേപം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് മാര്‍ച്ച് 5 ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും മാര്‍ച്ച് 18 ന് എസ്ബിഐയുടെ നേതൃത്വത്തില്‍ 10,000 കോടി രൂപ ബാങ്കിലേക്ക് നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിക്കലുകള്‍ക്ക് മേലുള്ള നിയന്ത്രണം നീക്കി.
എല്‍വിബിയുടെ കാര്യത്തില്‍, റിസര്‍വ് ബാങ്ക് ഇതിനകം തന്നെ ഒരു പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഡിബിഎസ് ബാങ്കുമായുള്ള ലയനം നിക്ഷേപകരുടെ മേലുള്ള നിയന്ത്രണം കുറയ്ക്കും. ലയന നടപടികളെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുത്താല്‍ നിക്ഷേപം പിന്‍വലിക്കാനുള്ള പരിധി എടുത്തു കളയും. നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ആര്‍ബിഐ എല്ലായ്പ്പോഴും രംഗത്തെത്തുന്നതിനാല്‍ ഒരു വാണിജ്യ ബാങ്കും ഇന്ത്യയില്‍ തകര്‍ന്നിട്ടില്ല.
പിഎംസി ബാങ്കിനെ സംബന്ധിച്ചിടത്തോളം, സഹകരണ ബാങ്കുകളുടെ ചട്ടങ്ങളിലെ അപാകതകളാണ് പ്രതിസന്ധികള്‍ സൃഷ്ടിച്ചത്. അടുത്ത കാലം വരെ റിസര്‍വ് ബാങ്കും സഹകരണ സംഘങ്ങളുടെ രജിസ്ട്രാറും ഏര്‍പ്പെടുത്തിയിരുന്ന ഇരട്ട നിയന്ത്രണം സഹകരണ ബാങ്കുകളെ വലിയ നിയന്ത്രണ വിടവുകളിലേക്ക് നയിച്ചിരുന്നു. എന്നാല്‍ അടുത്തിടെയുള്ള ബാങ്കിംഗ് റെഗുലേഷന്‍ (ഭേദഗതി) ബില്‍ 2020 പ്രകാരം ചില സഹകരണ ബാങ്കുകളെ വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമായ റിസര്‍വ് ബാങ്ക് മേല്‍നോട്ട പ്രക്രിയയില്‍ കൊണ്ടുവന്നു. ഭാവിയില്‍ പിഎംസിയ്ക്ക് സംഭവിച്ചതു പോലുള്ള പ്രശ്‌നങ്ങളില്‍ സഹകരണ ബാങ്കുകളുടെ നിക്ഷേപകരെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും.
ലയനത്തിന് ശേഷം എല്‍വിബിയുടെ നിക്ഷേപകര്‍ ഡിബിഎസ് ബാങ്കിന്റെ ഉപഭോക്താക്കളാകും. ലയനം പ്രാബല്യത്തില്‍ വരുന്ന തീയതിയില്‍ എല്‍വിബിയിലുള്ള എല്ലാ സേവിംഗ്‌സ് ബാങ്ക് അക്കൌണ്ടും കറന്റ് അക്കൌണ്ടും അല്ലെങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡിബിഎസ് ബാങ്കിലേയ്ക്ക് മാറും.
ലയന തീയതി വരെ നിലവിലുള്ള എല്‍വിബി നിരക്കില്‍ നിങ്ങളുടെ നിക്ഷേപത്തിന് പലിശ നല്‍കും. ലയനത്തിന് ശേഷം ഡിബിഎസ് ബാങ്കില്‍ നിലവിലുള്ള നിരക്കനുസരിച്ചായിരിക്കും പലിശ ലഭിക്കുക. ഉദാഹരണത്തിന്, എല്‍വിബി നിലവില്‍ 1-3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 6 ശതമാനം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഡിബിഎസ് ബാങ്ക് സമാന നിക്ഷേപങ്ങളില്‍ 4.05-4.3 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 3-5 വര്‍ഷത്തെ നിക്ഷേപത്തിന്, എല്‍വിബി ആറ് ശതമാനം പലിശ വാഗ്ദാനം ചെയ്യുമ്പോള്‍, ഡിബിഎസ് ബാങ്ക് 5.5 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ സ്ഥിര നിക്ഷേപക്കാര്‍ക്ക് ലയനത്തിനു ശേഷം നിക്ഷേപത്തിന്റെ പലിശ കുറയും.