ഇരുപത് ലക്ഷം വൈദ്യുത വാഹനങ്ങള്‍ വിറ്റതായി ലെക്സസിന്റെ പ്രഖ്യാപനം

May 22, 2021 |
|
News

                  ഇരുപത് ലക്ഷം വൈദ്യുത വാഹനങ്ങള്‍ വിറ്റതായി ലെക്സസിന്റെ പ്രഖ്യാപനം

ആഗോളതലത്തില്‍ ഇതുവരെയായി ഇരുപത് ലക്ഷം വൈദ്യുത വാഹനങ്ങള്‍ വിറ്റതായി ടൊയോട്ടയുടെ കീഴിലെ ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്സസ് പ്രഖ്യാപിച്ചു. 2005 ലാണ് ലെക്സസ് ആര്‍എക്സ്400എച്ച് ഹൈബ്രിഡ് വാഹനം അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് നിരവധി ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (എച്ച്ഇവി) വിപണിയിലെത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ മാത്രം കാര്യമെടുത്താല്‍, 2020 ല്‍ വിറ്റ ആകെ വാഹനങ്ങളുടെ മൂന്നിലൊന്ന് ഇലക്ട്രിക് വാഹനങ്ങളാണ്. ഏഷ്യന്‍ വിപണിയില്‍, കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയുടെ 20 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്. കൂടാതെ, വില്‍പ്പന നടത്തിയ ഇലക്ട്രിക് വാഹനങ്ങളുടെ 25 ശതമാനത്തോളം ആര്‍എക്സ് ബാഡ്ജ് നല്‍കിയ വാഹനങ്ങളാണ്.

നിലവില്‍ ലോകത്തെ 90 ലധികം രാജ്യങ്ങളിലും മേഖലകളിലുമായി എച്ച്ഇവി, ബിഇവി (ബാറ്ററി ഇലക്ട്രിക് വാഹനം) വിഭാഗങ്ങളിലായി ഒമ്പത് ഇലക്ട്രിക് മോഡലുകളാണ് വില്‍ക്കുന്നത്. 2025 ഓടെ പുതിയതും പരിഷ്‌കരിച്ചതുമായ 20 മോഡലുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇവയില്‍ പത്തിലധികം ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍(ബിഇവി), പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (പിഎച്ച്ഇവി), ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (എച്ച്ഇവി) എന്നിവ ഉണ്ടായിരിക്കും. ഈ വര്‍ഷം ആദ്യ ആഡംബര പിഎച്ച്ഇവി അവതരിപ്പിക്കും. അടുത്ത വര്‍ഷം പുതിയ ബിഇവി പുറത്തിറക്കും. 2019 ലാണ് ലെക്സസിന്റെ ആദ്യ ഓള്‍ ഇലക്ട്രിക് വാഹനമായ യുഎക്സ് 300ഇ അവതരിപ്പിച്ചത്.   

2005 മുതല്‍ 2021 ഏപ്രില്‍ അവസാനം വരെയുള്ള പതിനഞ്ച് വര്‍ഷ കാലയളവില്‍ ഏകദേശം 19 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഈ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കഴിഞ്ഞതായി ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. ഓരോ വര്‍ഷവും മൂന്ന് ലക്ഷം പാസഞ്ചര്‍ കാറുകള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന് തുല്യമാണിത്. 2050 ഓടെ കാര്‍ബണ്‍ സന്തുലനം കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Read more topics: # ലെക്സസ്, # lexus,

Related Articles

© 2025 Financial Views. All Rights Reserved