
പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന പൊതുമേഖലാ സ്ഥാപനം എല്‍ഐസിയില്‍ അവകാശികളെക്കാത്ത് കിടക്കുന്നത് 21,539.5 കോടി രൂപ. കേന്ദ്രത്തിലെ പല വകുപ്പുകളുടെയും ആകെ ബജറ്റിനെക്കാള്‍ ഉയര്‍ന്നതാണ് ഈ തുക. 2021 സെപ്റ്റംബറിലെ കണക്കുപ്രകാരമാണിത്. തീര്‍പ്പാക്കിയ ശേഷവും തുക കൈപ്പറ്റാത്ത ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍, കാലാവധി അവസാനിച്ച പോളിസികള്‍, തിരികെ നല്‍കേണ്ട അധിക തുകകള്‍ എന്നിവ ചേര്‍ന്നാണ് 20,000 കോടി രൂപയിലധികം എല്‍ഐസിയില്‍ കെട്ടിക്കിടക്കുന്നത്.
ഇങ്ങനെ അവകാശികളില്ലാത്തെ ആകെ തുകയുടെ 90 ശതമാനം അല്ലെങ്കില്‍ 19258.6 കോടിയും പോളിസി കാലാവധി കഴിഞ്ഞ വിഭാഗത്തിലാണ്. 2021 മാര്‍ച്ച് മുതല്‍ ആറുമാസം കൊണ്ട് അവകാശികളില്ലാത്ത തുക 16.5 ശതമാനം ആണ് വര്‍ധിച്ചത്. കഴിഞ്ഞ ആറുമാസം കൊണ്ട് 4,346.5 കോടിയാണ് അവകാശികളില്ലാത്തെ വിഭാഗത്തിലേക്ക് മാറ്റിയത്. അതേ സമയം ഇക്കാലയളവില്‍ വിവിധ ക്ലെയിമുകളിലായി 1527.6 കോടി രൂപയാണ് എല്‍ഐസി നല്‍കിയത്.
സെബിക്ക് നല്‍കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 13,843.70 കോടി രൂപയായിരുന്നു ഈ തുക. 2020ല്‍ 16,052.65 കോടിയായും 2021ല്‍ 18,495.32 കോടി രൂപയുമായാണ് തുക ഉയര്‍ന്നത്. ക്ലെയിം ചെയ്യാത്ത തുകയും അതിന്റെ പലിശയുമുള്‍പ്പടെയുമുള്ള തുകയാണിത്. നിലവില്‍ അവകാശികളില്ലാതെ കിടക്കുന്ന പകുതിയിലധികം തുകയും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ വിഭാഗത്തിലേക്ക് മാറ്റിയിട്ട്. ആയിരം രൂപയോ അതില്‍കൂടുതലോ തുക ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ അക്കാര്യം വെബ്സൈറ്റില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശമുണ്ട്. 10 വര്‍ഷത്തിലധികമായി അവകാശികള്‍ തേടിയെത്താത്ത തുക 2015 മുതല്‍ സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എല്‍ഐസിയിലെ പോലെ രാജ്യത്തെ ബാങ്കുകളില്‍ 24,356 കോടിയും ഓഹരി വിപണിയില്‍ 19,686 കോടി രൂപയും അവകാശികളില്ലാതെ കിടപ്പുണ്ട്.