കൊടാക് മഹീന്ദ്ര ബാങ്കില്‍ കൂടുതല്‍ ഓഹരി വാങ്ങാന്‍ എല്‍ഐസിക്ക് അനുമതി

November 30, 2021 |
|
News

                  കൊടാക് മഹീന്ദ്ര ബാങ്കില്‍ കൂടുതല്‍ ഓഹരി വാങ്ങാന്‍ എല്‍ഐസിക്ക് അനുമതി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന സ്വകാര്യ മേഖലാ ബാങ്കായ കൊടാക് മഹീന്ദ്ര ബാങ്കില്‍ കൂടുതല്‍ ഓഹരി വാങ്ങാന്‍ എല്‍ഐസിക്ക് അനുമതി. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ കൊടാക് മഹീന്ദ്ര ബാങ്കിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഓഹരി വിഹിതം ഇനി 9.99 ശതമാനമായി ഉയരും.

ഒരു വര്‍ഷത്തിനുള്ളില്‍ എല്‍ഐസി നിക്ഷേപം വര്‍ധിപ്പിക്കണമെന്നാണ് അനുമതിയില്‍ കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. സെബിയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം 1999 ലെ നിയമങ്ങളുടെ അടിസ്ഥാനത്തിലുമാണ് അനുമതി നല്‍കിയിരിക്കുന്നത്.

സെപ്തംബര്‍ 30 ലെ കണക്കനുസരിച്ച് കൊടാക് മഹീന്ദ്ര ബാങ്കില്‍ എല്‍ഐസിക്ക് 4.96 ശതമാനമാണ്. ഉദയ് കൊടാകിനും കുടുംബത്തിനുമായി 26 ശതമാനം ഓഹരിയുണ്ട്. കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന് 6.37 ശതമാനം ഓഹരിയുണ്ട്. പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 15 ശതമാനമാക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തിനെതിരെ ഉദയ് കൊടാക് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പ്രമോട്ടര്‍ വിഹിതം 26 ശതമാനമായി നിജപ്പെടുത്തിയത്.

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍, കോര്‍പ്പറേഷന്‍ സ്വകാര്യവല്‍ക്കരണത്തിന് നീങ്ങുമ്പോള്‍ എതിര്‍പ്പുകളും ശക്തമാണ്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു തന്നെ മുന്നോട്ടു പോവുകയാണ്. ഐപിഒയില്‍ പരമാവധി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് എല്‍ഐസിയുടെ കൊടാക് മഹീന്ദ്ര ബാങ്കിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതും.

Related Articles

© 2024 Financial Views. All Rights Reserved