
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) പ്രാരംഭ ഓഹരി വില്പനയ്ക്ക് സെബിയുടെ അനുമതി ലഭിച്ചു. ഇതോടെ ഐപിഒയ്ക്ക് ഏറ്റവും വേഗത്തില്‍ അനുമതി ലഭിക്കുന്ന കമ്പനിയായി എല്‍ഐസി. ഫെബ്രുവരി 12നാണ് രേഖകള്‍ സെബിക്ക് സമര്‍പ്പിച്ചത്. സര്‍ക്കാരിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ ഐപിഒ വഴി 5 ശതമാനം ഓഹരികളാണ് (31.6 കോടി) സര്‍ക്കാര്‍ വിറ്റഴിക്കുക. 60,000 കോടി രൂപക്കും 75,000 കോടി രൂപക്കും ഇടിയല്‍ സാമാഹരിക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കമ്പനിയുടെ വിപണിമൂല്യം 12-15 ലക്ഷം കോടി രൂപയായി നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഒ പ്രഖ്യാപിക്കുന്നതോടെയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. മാര്‍ച്ച് അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. അതേസമയം വിപണിയിലെ അസ്ഥിരാവസ്ഥ പരിഗണിച്ച് ഉടനെ ഐപിഒ പ്രഖ്യാപിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ക്യാപിറ്റല്‍ എന്നിവയുടെ നേതൃത്വത്തിലുള്ള 10 നിക്ഷേപ ബാങ്കുകളാണ് എല്‍ഐസിയുടെ ഓഹരി വില്പനയ്ക്ക് നേതൃത്വം നല്‍കുന്നത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശവും അതേതുടര്‍ന്ന് ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവിലയില്‍ കുതിപ്പുണ്ടായതും ഓഹരി വിപണിയെ ബാധിച്ചു. രാജ്യത്തെ പ്രധാന സൂചികകള്‍ 10 ശതമാനത്തോളമാണ് തിരുത്തല്‍ നേരിട്ടത്. വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകരാകട്ടെ രാജ്യത്തെ വിപണിയില്‍ നിന്ന് കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിഞ്ഞ് പിന്മാറുകയുമാണ്. ഈ വര്‍ഷം ഇതുവരെ ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓഹരികള്‍ ഇവര്‍ വിറ്റൊഴിഞ്ഞു.