
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഇന്ന് അവസാനിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയാണു സമയം. ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജീവനക്കാരും പോളിസി ഉടമകളും റീട്ടെയില്‍ നിക്ഷേപകരുമെല്ലാം സബ്സ്‌ക്രിപ്ഷന്‍ നടത്തുന്നുണ്ട്. പോളിസി ഉടമകള്‍ക്കായി മാറ്റിവച്ചതിന്റെ അഞ്ച് മടങ്ങ് അപേക്ഷയാണ് ഇതുവരെ ലഭിച്ചത്. സാധാരണ നിക്ഷേപകരുടെ ക്വോട്ടയില്‍ 1.59 മടങ്ങും ജീവനക്കാരുടെ ക്വോട്ടയില്‍ 3.79 മടങ്ങും അപേക്ഷകള്‍ നിലവില്‍ എത്തിയിട്ടുണ്ട്. ലഭിച്ച 29.08 കോടി ബിഡുകളില്‍ 18.74 കോടിയും കട്ട്ഓഫ് പ്രൈസിലാണ്.
ഇന്ത്യയ്ക്കു പുറത്തു താമസിക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് ഐപിഒയില്‍ പങ്കെടുക്കാമെങ്കിലും എല്‍ഐസി പോളിസി ഉടമകളെന്ന നിലയില്‍ അപേക്ഷിക്കാന്‍ കഴിയില്ല. അതേസമയം രണ്ട് ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണെങ്കില്‍ റീട്ടെയ്ല്‍ വിഭാഗത്തിലും അതിനു മുകളിലെങ്കില്‍ (5 ലക്ഷം രൂപ വരെ) നോണ്‍ഇന്‍സ്റ്റിറ്റിയൂഷനല്‍ ബയേഴ്‌സ് വിഭാഗത്തിലും പരിഗണിക്കും.