
പ്രാരംഭ ഓഹരി വില്പനയ്ക്കൊരുങ്ങുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഒരു ഓഹരിയുടെ വില 400-600 രൂപ നിരക്കില്‍ നിശ്ചയിച്ചേക്കും. പെയ്ഡ് അപ്പ്(നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന മുലധനം)ക്യാപിറ്റലായി 25,000 കോടി രൂപയാണ് കണക്കാക്കുക. കമ്പനിയുടെ മൊത്തംമൂല്യമാകട്ടെ 10-15 ലക്ഷം കോടിയുമായിരിക്കും.
മൂലധന അടിത്തറ നിലവിലെ 100 കോടിയില്‍നിന്ന് 25,000 കോടി രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ കുറഞ്ഞ മൂലധനപ്രകാരം ലിസ്റ്റിങ് സുഗമമാക്കുന്നതിനുള്ള കോര്‍പ്പറേഷന്റെ അംഗീകൃത മൂലധനമായിരിക്കും 25,000 കോടി രൂപ. 10 രൂപ മുഖവിലയുള്ള 2,500 കോടി ഓഹരികളുടെ മൊത്തം മൂലധനമായിരിക്കുമിത്.
എല്‍ഐസിയിലുള്ള സര്‍ക്കാരിന്റെ 6-7ശതമാനം ഓഹരി വിറ്റ് 90,000 കോടി രൂപ സമാഹരിക്കാമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹ്മണ്യന്‍ നേരത്തെ സൂചനനല്‍കിയിരുന്നു. എല്‍ഐസിയുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് ധനമന്ത്രി നടത്തിയ ബജറ്റ് പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യത്തെ പ്രസ്താവനായിരുന്നു ഇത്.
സുബ്രഹ്മണ്യന്റെ വിലയിരുത്തല്‍ പ്രകാരം 12.85-15 ലക്ഷംകോടി രൂപയാണ് കമ്പനിയുടെ ഏകദേശമൂല്യം. ഇവകണക്കിലെടുക്കുമ്പോഴാണ് ഓഹരിയൊന്നിന് 400നും 600നും ഇടിയിലാകും വിലനിശ്ചയിക്കുകയെന്ന അനുമാനത്തിലെത്തിയത്. നിര്‍ദിഷ്ട ഭേദഗതിയനുസരിച്ച് ആദ്യ അഞ്ചുവര്‍ഷം കമ്പനിയുടെ 75ശതമാനം ഓഹരി കൈവശംവെക്കാനും പിന്നീട് ഇത് 51ശതമാനമായി കുറയ്ക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐപിഒയുടെ 10ശതമാനം പോളിസി ഉടമകള്‍ക്കായി നീക്കിവെയ്ക്കാനും പദ്ധതിയുണ്ട്.