
മുംബൈ: പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഐപിഒയുടെ പ്രാരംഭ നടപടികള്‍ക്കായി ഉപദേശക കമ്പനികളെത്തേടി സര്‍ക്കാര്‍. ഐപിഒ നടത്തുന്നതിന് പറ്റിയ സമയം നിര്‍ണയിക്കുന്നതുള്‍പ്പെടെ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍, നിക്ഷേപക ബാങ്കുകള്‍, മര്‍ച്ചന്റ് ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേതെന്നാണ് കരുതുന്നത്.
ഇതിനായി രണ്ട് ഉപദേശകരെയാണ് തേടുന്നത്. ജൂലായ് 13-നകം അപേക്ഷ നല്‍കാനാണ് കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) നിര്‍ദേശിക്കുന്നത്. ലിസ്റ്റിംഗ് പ്രക്രിയയിലൂടെ എല്‍ഐസി ഏകദേശം 8-10 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ സാധ്യതയുണ്ട്. 9-10 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ മൂല്യം. അതിനാല്‍, ഗവണ്‍മെന്റിന്റെ എട്ട് ശതമാനം ഓഹരി വില്‍പ്പന പോലും 80,000-90,000 കോടി രൂപയുടെ ഐപിഒ അര്‍ത്ഥമാക്കാം.