
എല്‍ഐസി ഐപിഒയുമായി മുന്നോട്ട് പോകുന്നതിനിടെ യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എല്‍ഐസിക്ക് ഇന്ത്യന്‍ കുടുംബങ്ങളിലുള്ള പ്രധാന്യത്തെക്കുറിച്ച് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് വളരെ രസകരമാണ്. വിശുദ്ധ ഭഗവത് ഗീതയില്‍ നിന്ന് കടമെടുത്ത എല്‍ഐസിയുടെ ടാഗ് ലൈന്‍, 'നിങ്ങളുടെ ക്ഷേമത്തിന്റെ ഉത്തരവാദിത്തം ഞാന്‍ വഹിക്കുന്നു' എന്ന വരികള്‍ വര്‍ണിച്ചുകൊണ്ടാണ് യുബിഎസിന്റെ റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും ഇന്ത്യന്‍ കുടുംബങ്ങള്‍ ലാഭിക്കുന്ന ഓരോ 100 രൂപയില്‍ നിന്നും 10 രൂപ എല്‍ഐസിയിലേക്ക് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് ഗാര്‍ഹിക സമ്പാദ്യത്തേക്കാള്‍ കുടുതലാണെന്നും അവര്‍ എസ്ബിഐ സമ്പാദ്യ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വ്യക്തമാക്കി.
എല്‍ഐസിയുടെ വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് കടന്നുകയറാനാണ് ഐപിഒയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതായത്, 280 മില്യണ്‍ പോളിസികളിലൂടെ ഇന്ത്യയിലെ ഒരു കുടുംബത്തിന് ഏകദേശം ഒന്ന് എന്ന നിലയില്‍ പ്രവര്‍ത്തനക്ഷമമാകാന്‍. ഉപയോക്താക്കള്‍ക്കു കിഴിവും മറ്റും നല്‍കുന്നത് വഴി ഐപിഒയില്‍ വാങ്ങാനുള്ള താല്‍പ്പര്യം ജനിപ്പിക്കാന്‍ സാധിക്കുമെന്നും യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എല്‍ഐസി ഐപിഒ ഒരു ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ആണ്. കാരണം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നില്ല. സര്‍ക്കാരിന്റെ പക്കലുള്ള ഓഹരികളില്‍ നിന്ന് അഞ്ച് ശതമാനം വില്‍ക്കുക മാത്രമാണു ചെയ്യുന്നത്. എല്‍ഐസിയില്‍ സര്‍ക്കാരിന് 100 ശതമാനം (632.49 കോടിയിലധികം ഓഹരികള്‍) ഓഹരികളുണ്ട്. ഓഹരികളുടെ മുഖവില 10 രൂപയാണ്. സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യങ്ങളില്‍ മുന്‍പന്തിയിലാണ് എല്‍ഐസിയും. നിലവിലെ സാഹചര്യത്തില്‍ ഐപിഒയ്ക്കു മികച്ച പിന്തുണ ലഭിക്കുമെന്നാണു വിലയിരുത്തല്‍.