
എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പന ഏപ്രില്‍ അവസാനത്തോടെ നടന്നേക്കും. കേന്ദ്ര മന്ത്രിമാരുടെ ഉന്നതതല പാനല്‍ ഏപ്രില്‍ പകുതിക്ക് ശേഷം ഐപിഒ നടത്താം എന്ന നിര്‍ദ്ദേശം അംഗീകരിച്ചതായാണ് വിവരം. ധനമന്ത്രി നിര്‍മല സീതാരാമന്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, വ്യവസായ മന്ത്രി പീയുഷ് ഡോയല്‍ എന്നിവരടങ്ങുന്നതാണ് ഉന്നതതല പാനല്‍.
ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ കേന്ദ്രം നിയമിച്ച സമിതി, വിപണി സാഹചര്യം ഐപിഒയ്ക്ക് അനുകൂലമാണെന്ന് അറിയിച്ചിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ തിരിച്ചടിയാണ് എല്‍ഐസി ഐപിഒ നീണ്ടുപോവാന്‍ കാരണം. സെബി നല്‍കിയ അനുമതി പ്രകാരം മെയ് 12 വരെ എല്‍ഐസി ലിസ്റ്റ് ചെയ്യാന്‍ കേന്ദ്രത്തിന് സമയം ലഭിക്കും.
മെയ് 12ന് അപ്പുറത്തേക്ക് ഐപിഒ നീണ്ടാല്‍ വീണ്ടും സെബിയുടെ അനുമതി തേടേണ്ടിവരും. നിലവില്‍ ഡിപാമിന്റെ വിലയിരുത്തല്‍ പ്രകാരം ആര്‍എച്ച്പി സമര്‍പ്പിക്കാന്‍ എല്‍ഐസിക്ക് 10 ദിവസമെങ്കിലും വേണ്ടിവരും. ഐപിഒയുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവും ആര്‍എച്ച്പി. ആങ്കര്‍ നിക്ഷേപകര്‍ക്ക് പണം സമാഹരിക്കുന്നതിന് 3-4 ദിവസത്തെ സമയം വേണ്ടി വരും. ഇക്കാര്യം കൂടി പരിഗണിച്ചാവും ഐപിഒ തീയതി പ്രഖ്യാപിക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.