
മുംബൈ: പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഐ.പി.ഒ. ഒക്ടോബറിനുശേഷം ഉണ്ടായേക്കുമെന്ന് കേന്ദ്ര നിക്ഷേപ-പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡേ. എയര്‍ ഇന്ത്യ, ബി.പി.സി.എല്‍., ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരി വില്‍പ്പന 2021 സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അടുത്ത സാമ്പത്തികവര്‍ഷം പൊതു ആസ്തികള്‍ വിറ്റ് 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്രബജറ്റില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഐ.ഡി.ബി.ഐ. ബാങ്ക്, രണ്ടു പൊതുമേഖലാ ബാങ്കുകള്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, ബെമല്‍, പവന്‍ ഹാന്‍സ്, നീലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡ് എന്നിവയുടെ വില്‍പ്പനയും ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എല്‍.ഐ.സി.യുടെ ഐ.പി.ഒ. നടത്തുന്നതിനും ഐ.ഡി.ബി.ഐ. ബാങ്കിന്റെ അവശേഷിക്കുന്ന ഓഹരികള്‍ വിറ്റഴിക്കുന്നതിനും സര്‍ക്കാരിന് പാര്‍ലമെന്റില്‍ നിയമഭേദഗതി പാസാക്കേണ്ടതുണ്ട്. ഇത്തവണത്തെ ധനബില്ലില്‍ ഈ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് തിങ്കളാഴ്ച പാര്‍ലമെന്റില്‍ വെച്ചതായും പി.ടി.ഐ. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക ബില്‍ ഉണ്ടാകില്ല.
എയര്‍ ഇന്ത്യക്കും ബി.പി.സി.എല്ലിനും പ്രാഥമിക താത്പര്യപത്രം ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ താത്പര്യപത്രം സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 13 ആണ്. എല്‍.ഐ.സി. ഐ.പി. ഒ.യ്ക്കുള്ള മൂല്യനിര്‍ണയ നടപടികള്‍ നടന്നുവരുന്നു. ഇതിനായുള്ള ഏജന്‍സികളെ ദീപം ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്‍.ഐ.സി.യുടെ പത്തുമുതല്‍ 15 ശതമാനംവരെ ഓഹരികള്‍ വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.