
ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഉടലെടുത്ത അസ്ഥിരതകള്‍ എല്‍ഐസി ഐപിഒക്ക് തടസമാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. യുക്രെന്‍-റഷ്യ പ്രതിസന്ധിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നയതന്ത്രതലത്തില്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ബജറ്റിന് പിന്നാലെ വ്യവസായികളുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍മ്മല സീതാരാമന്റെ പ്രസ്താവന. ഐപിഒയുടെ ഡിആര്‍എച്ച്പി (ഡ്രാഫ്‌റ് റെഡ് ഹെറിങ് പ്രൊസ്പക്ട്‌സ്) പുറത്ത് വന്നു കഴിഞ്ഞു. ഇതിന് പിന്നാലെ ഐപിഒയെ കുറിച്ച് ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍, ഐപിഒയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നാണ് എല്‍ഐസിയുടേത്. ഇന്‍ഷൂറന്‍സ് കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികളാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്നും ഉയര്‍ന്ന എണ്ണവില മൂലവും ഓഹരി വിപണിയിലുണ്ടായ പ്രതിസന്ധി സര്‍ക്കാറിന്റെ മുന്നിലുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.