
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ ഇന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നു. മെയ് നാലിന് ആരംഭിച്ച എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പന മെയ് ഒന്‍പതിനാണ് അവസാനിച്ചത്. മികച്ച പ്രതികരണമാണ് എല്‍ഐസി ഐപിഒയ്ക്ക് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. ഐപിഒ അവസാനിക്കുമ്പോള്‍ 2.94 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നടന്നിരുന്നു. ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷം എല്‍ഐസി ആറ് ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള രാജ്യത്തെ അഞ്ചാമത്തെ വലിയ കമ്പനിയായി മാറും. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് എന്നിവയായിരിക്കും എല്‍ഐസിയുടെ മുന്‍പിലുള്ള കമ്പനികള്‍.
നിരീക്ഷകരുടെ വീക്ഷണത്തില്‍ ഏകദേശം 985 (949 + 36 രൂപ) രൂപയാണ് എല്‍ഐസി ഐപിഒ ജിഎംപി. എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡായ 902 രൂപയില്‍ നിന്ന് ഏകദേശം 3 ശതമാനം കൂടുതലാണ് ഇത്. ഐപിഒ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ട്രേഡ് ചെയ്യപ്പെടുന്ന പ്രീമിയം തുകയാണ് ജിഎംപി. അതായത്, ഐപിഒ നടത്തുന്ന കമ്പനിയുടെ ഓഹരികള്‍ ഓഹരി വിപണിക്ക് പുറത്ത് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. ഐപിഒ ലിസ്റ്റിംഗ് സമയത്തെ തുക എങ്ങനെയായിരിക്കുമെന്ന് ജിഎംപിയിലൂടെ പ്രതിഫലിക്കും.
എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളായിരുന്നു വിപണിയിലെത്തിയത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിരുന്നു. എല്‍ഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നാണ്.