എല്‍ഐസി അറ്റാദായത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്

May 31, 2022 |
|
News

                  എല്‍ഐസി അറ്റാദായത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്

ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) കണ്‍സോളിഡേറ്റഡ് അറ്റാദായം 2,409.39 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,917.33 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 17.41 ശതമാനം കുറവാണ്.

മൊത്തം പ്രീമിയം വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,22,290.64 കോടി രൂപയില്‍ നിന്ന് 17.88 ശതമാനം വര്‍ധിച്ച് 1,44,158.84 കോടി രൂപയായി. ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള എല്‍ഐസിയുടെ ആദ്യ വരുമാന പ്രസ്താവനയാണിത്. ഒരു ഓഹരിക്ക് എല്‍ഐസി 1.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു.

നിക്ഷേപത്തില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം, മുന്‍വര്‍ഷത്തെ 67,684.27 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍, അവലോകന പാദത്തില്‍ ഏകദേശം 67,855.59 കോടി രൂപയായി. ആദ്യവര്‍ഷ പ്രീമിയം, പുതുക്കല്‍ പ്രീമിയം എന്നിവയുടെ ശക്തമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, മാര്‍ച്ച് പാദത്തിലെ എല്‍ഐസിയുടെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 1.9 ട്രില്യണ്‍ രൂപയില്‍ നിന്ന് 2.12 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ 7.03 ട്രില്യണില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 7.24 ട്രില്യണായി ഉയര്‍ന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപന നിക്ഷേപകരായ എല്‍ഐസി, മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ നിക്ഷേപങ്ങളില്‍ നിന്നുള്ള അറ്റവരുമാനത്തില്‍ 2.85 ട്രില്യണ്‍ രൂപയില്‍ നിന്ന് 2.94 ട്രില്യണ്‍ രൂപയെന്ന നാമമാത്രമായ വളര്‍ച്ച രേഖപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തിലെ 22,358.16 കോടി രൂപയില്‍ നിന്ന് 23,305.79 കോടി രൂപയായി എല്‍ഐസിയുടെ ഏജന്റുമാര്‍ക്കുള്ള കമ്മീഷന്‍ ഈ വര്‍ഷം ഉയര്‍ന്നു.

Read more topics: # lic, # എല്‍ഐസി,

Related Articles

© 2024 Financial Views. All Rights Reserved