
ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുമ്പാകെ എല്‍ഐസി അടുത്ത മാസം ഐപിഒക്ക് വേണ്ടിയുള്ള രേഖകള്‍ സമര്‍പ്പിക്കുമെന്ന് സൂചന. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്ത മാസം തുടക്കം കുറിക്കും. കൃത്യമായ സമയത്ത് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.
കേന്ദ്രസര്‍ക്കാര്‍ 10 സ്ഥാപനങ്ങളെ ഇതിനായി നിയോഗിച്ചിരുന്നു. ഗോള്‍ഡ്മാന്‍ സാച്ചസ്, സിറ്റി ഗ്രൂപ്പ്, നൗമുറ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിന് പുറമേ എസ്ബിഐ കാപ്പിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍, ആക്‌സിസ് കാപ്പിറ്റല്‍, ബോഫ സെക്യൂരിറ്റി, ജെപി മോര്‍ഗന്‍, ഐസിഐസിഐ സെക്യൂരിറ്റി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളേയും ഐപിഒക്കായി നിയോഗിച്ചിട്ടുണ്ട്.
സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസാണ് ഐപിഒയുടെ നിയമ ഉപദേശകന്‍. നിയമത്തില്‍ മാറ്റം വരുത്തി വിദേശനിക്ഷേപകര്‍ക്കും ഐപിഒയില്‍ ഇന്‍വെസ്റ്റ് ചെയ്യാനുള്ള അവസരമൊരുക്കുമെന്നാണ് സൂചന. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പനയിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഇതുവരെ 9,110 കോടി സ്വരൂപിച്ചു.