
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐപിഒ നടത്താനൊരുങ്ങുന്ന പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി തുടങ്ങിയിട്ട് ബുധനാഴ്ച 65 വര്‍ഷം പിന്നിടുന്നു. 5 കോടി രൂപയുടെ മൂലധനവുമായി 1956-ല്‍ തുടങ്ങിയ കമ്പനിയുടെ ആസ്തി ഇന്ന് 38,04,610 കോടി രൂപയിലെത്തി നില്‍ക്കുന്നു. ദേശസാത്കരണത്തിന്റെ ലക്ഷ്യം പൂര്‍ണ അര്‍ഥത്തില്‍ നിറവേറ്റി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടുവരെ ഇന്‍ഷുറന്‍സ് സേവനം എത്തിക്കാനായെന്നതാണ് കമ്പനിയുടെ ഏറ്റവും വലിയ നേട്ടം.
14 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയിന്ന് 'ബ്രാന്‍ഡ് ഫിനാന്‍സ് ഇന്‍ഷുറന്‍സ് 100' എന്ന ആഗോള പട്ടികയില്‍ ലോകത്തിലെ ശക്തമായ മൂന്നാമത്തെയും മൂല്യത്തില്‍ പത്താമത്തെയും ബ്രാന്‍ഡാണ്. രണ്ടു ദശാബ്ദം മുമ്പ് ഇന്‍ഷുറന്‍സ് മേഖല സ്വകാര്യമേഖലയ്ക്കായി തുറന്നെങ്കിലും ഇപ്പോഴും വിപണിയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിവരുന്നു. ആദ്യവര്‍ഷ പ്രീമിയത്തില്‍ 66.18 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. പോളിസികളുടെ എണ്ണത്തിലിത് 74.58 ശതമാനമാണ്. 2020-21 സാമ്പത്തിക വര്‍ഷം 2.10 കോടി പുതിയ പോളിസികള്‍ രജിസ്റ്റര്‍ ചെയ്തതായി കമ്പനി അറിയിച്ചു. ആദ്യവര്‍ഷ പ്രീമിയമായി ലഭിച്ചത് 1.84 ലക്ഷം കോടി രൂപയാണ്. എട്ടു സോണല്‍ ഓഫീസുകളിലായി ഒരു ലക്ഷത്തിലധികം ജീവനക്കാരും 13.53 ലക്ഷം ഏജന്റുമാരുമാണ് കമ്പനിക്കുള്ളത്.
ഡിജിറ്റല്‍ പേമെന്റിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി പുതുക്കല്‍ പ്രീമിയത്തില്‍ 74.8 ശതമാനവും ഡിജിറ്റല്‍ രീതിയിലായിക്കഴിഞ്ഞു. പുതിയ പോളിസികള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി ഏജന്റുമാര്‍ക്കായി ആനന്ദ എന്ന പുതിയ മൊബൈല്‍ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.