
നീണ്ട 53 വര്‍ഷം വിപ്രോയുടെ അമരക്കാരനായി നിറഞ്ഞു നിന്ന ശേഷം ആ പടിയിറങ്ങുകയാണ് അസിം പ്രേംജി. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിനിടയിലും ശതകോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ ജീവിതം എന്നത് ലാളിത്യത്തിന്റെ പര്യായമാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍. ആര്‍ നാരായണ മൂര്‍ത്തി പറഞ്ഞതു പോലെ ഹൈലി പ്രഫഷണല്‍ ആന്‍ഡ് ഹമ്പിള്‍ മാന്‍ തന്നെയാണ് അദ്ദേഹം. അച്ഛന്‍ മരണപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ബിസിനസ് രംഗത്തേക്ക് എത്തുന്നത്.
യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന് വലിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വന്നു. അരനൂറ്റാണ്ടു കൊണ്ട് അതിവിപുലമായ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ കഴിഞ്ഞു. സോപ്പു മുതല്‍ സോഫ്റ്റ്വെയര്‍ വരെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ വിപ്രോ കടന്നെത്തിയിരിക്കുന്നു. നേട്ടത്തെപ്പറ്റി അദ്ദേഹം പറയുന്നത്: ''ഞാന്‍ വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്തതല്ല വിപ്രോ. പിന്നെയോ, എന്റെ സഹപ്രവര്‍ത്തകരുടെയും ജോലിക്കാരുടെയും പ്രയത്‌നഫലത്താലാണ്.''
അദ്ദേഹത്തിന്റെ ജീവിതശൈലി ശ്രദ്ധേയമാണ്. അസിം പ്രേംജിക്ക് ഉറങ്ങാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വേണമെന്നു ധരിക്കുന്നവര്‍ക്കു തെറ്റി. നല്ല ആഹാരവും പരിചരണവും കിട്ടുന്ന ഏതു ഹോട്ടലിലും അദ്ദേഹം താമസിക്കും. പണം ധാരാളമുള്ളതുകൊണ്ടു ഹോട്ടല്‍ ബില്‍ നോക്കാതെ പണം നല്‍കുന്ന ശീലവും അദ്ദേഹത്തിനില്ല. ബില്ല് കിട്ടിയാല്‍ വിപ്രോയിലെ ജൂനിയര്‍ എന്‍ജിനീയര്‍മാര്‍ പോലും ചെയ്യാത്ത കാര്യം അദ്ദേഹം ചെയ്യും. ഓരോന്നും കണക്കുകൂട്ടി ശരിയാണോയെന്നു നോക്കും. ഇവിടെ വില കൂടുതലാണെന്നു പറയാനും അധികം താമസമുണ്ടാകില്ല. ടിവി ക്യാമറകള്‍ക്കു മുന്നില്‍ ഇത്രയും നാണമുള്ള ചെയര്‍മാന്‍ ഉണ്ടാകില്ലെന്നാണു ചാനലുകള്‍ പറയുന്നത്.
വിമാനത്തില്‍ ഇക്കോണമി ക്ലാസില്‍ മാത്രമേ സഞ്ചരിക്കയുള്ളൂ. വിപ്രോ ജീവനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന്റെ മുറിയിലേക്കു കടന്നുചെല്ലാം. ''എന്റെ പിതാവില്‍ നിന്നു ഞാന്‍ പഠിച്ച വലിയ പാഠം എല്ലാ കാര്യങ്ങളിലും ആര്‍ജവത്വവും സുതാര്യതയും പുലര്‍ത്തുക എന്നതാണ്.' മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നതിന്റെ ഫലമായി വ്യാപാരബന്ധുക്കളെ നേടാനല്ലാതെ നഷ്ടപ്പെടാന്‍ ഇടവന്നിട്ടില്ല'' പ്രേംജി പറയുന്നു.
തന്റെ ജീവനക്കാരില്‍നിന്നു സത്യസന്ധത അദ്ദേഹം പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ ഒരു ജീവനക്കാരന്‍ തീവണ്ടിയില്‍ സെക്കന്‍ഡ് ക്ലാസില്‍ യാത്രചെയ്തശേഷം ഫസ്റ്റ് ക്ലാസിന്റെ ബില്‍ നല്‍കി. ഇതേപ്പറ്റി പ്രേംജി അറിഞ്ഞപ്പോള്‍ അയാളെ തല്‍ക്ഷണം ജോലിയില്‍നിന്നു പിരിച്ചുവിട്ടു. എന്നാല്‍ അയാള്‍ തൊഴിലാളി യൂണിയന്‍ നേതാവായിരുന്നതിനാല്‍ മുംബൈ ഓഫിസിലെ ജോലിക്കാരെ സംഘടിപ്പിച്ച് സമരവും മറ്റു സന്നാഹങ്ങളും ഉണ്ടാക്കി. അതു രണ്ടര മാസത്തോളം നീണ്ടുനിന്നു. അദ്ദേഹം ഒട്ടും വഴങ്ങിയില്ല. സമരം തനിയെ കെട്ടടങ്ങി. ''ആര്‍ജവത്വത്തെപ്പറ്റിയും സത്യസന്ധതയെപ്പറ്റിയും പറഞ്ഞതുകൊണ്ടായില്ല; അവ പ്രാവര്‍ത്തികമാക്കുകയാണാവശ്യം'' എന്നാണ് അദ്ദേഹം പറഞ്ഞത്.
വിപ്രോയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്ഥാപക ചെയര്‍മാനുമായി അദ്ദേഹം തുടരുമെന്ന് കമ്പനി അറിയിച്ചു. അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജിയാകും വിപ്രോയുടെ പുതിയ ചെയര്‍മാന്‍. നിലവില്‍ കമ്പനിയുടെ ഡയറക്ടറും ചീഫ് സ്ട്രാറ്റജി ഓഫിസറുമാണ്. രാജ്യത്തെ നാലാമത്തെ വലിയ സോഫ്റ്റ്വെയര്‍ കമ്പനിയുടെ ഉടമ അസിം പ്രേംജി വിപ്രോയുടെ തലപ്പത്ത് നിന്നും പടിയിറങ്ങുന്ന വേളയില്‍ പുറത്ത് വരുന്ന് ജീവകാരുണ്യത്തിനായി കോടികള്‍ കൈയ്യയച്ച് സംഭാവന ചെയ്ത കണക്കുകളുമാണ്.
73 ആം വയസ്സില്‍, ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ അസിം പ്രേംജി 22 ബില്യണ്‍ ഡോളര്‍ വരുമാനത്തോടെയാണ് വിപ്രോയില്‍ നിന്നും പടിയിറങ്ങുന്നത്. 2024 ജൂലൈ വരെ അഞ്ച് വര്‍ഷം പ്രേംജി കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരും. 1966ല്‍ 21 ആം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 53 വര്‍ഷക്കാലം വിപ്രോയുടെ നേതൃത്വം നല്‍കി.
കൊച്ചു വെജിറ്റബിള്‍ ഓയില്‍ കമ്പനി സ്ഥാപനത്തെ 8.5 ബില്യണ്‍ ഡോളറിന്റെ ആഗോള ഐടി പവര്‍ഹൗസാക്കി മാറ്റുകയായിരുന്ന പ്രേംജി. 2018-19 ല്‍ 2 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള തന്റെ ഐടി ഇതര വിഭാഗമായ വിപ്രോ എന്റര്‍പ്രൈസസിനെ ആഗോള എഫ്എംസിജി (അതിവേഗം നീങ്ങുന്ന ഉപഭോക്തൃവസ്തുക്കള്‍), ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാരായി മാറ്റിയതും അദ്ദേഹത്തിന്റെ മികവാണ്.
2019ല്‍ പ്രേംജിയുടെ ആസ്തി എന്നത് 22 ബില്യണ്‍ യുഎസ് ഡോളറാണ്. മാത്രമല്ല 90,031 മില്യണ്‍ രൂപ വിപ്രോയ്ക്ക് ലാഭം കിട്ടിയിരിക്കുന്ന വേളയില്‍ 18 മില്യണ്‍ രൂപയാണ് പ്രേംജിയുടെ ശമ്പളം. ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം വിപ്രോയുടെ 35 ശതമാനം ഷെയറുകളാണ് പ്രേംജി ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയത്. 7.5 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന ഷെയറുകളാണിവ. ഇത് ഏകദേശം 5173 കോടി ഇന്ത്യന്‍ രൂപ വരും. 2018ല്‍ വിപ്രോയുടെ ലാഭം 80,081 മില്യണ്‍ രൂപയായിരുന്നു. മാത്രമല്ല 8.7 മില്യണ്‍ രൂപയായിരുന്നു പ്രേംജിയുടെ ശമ്പളം.