
ന്യൂഡല്‍ഹി: കൊവിഡ് കാരണം പ്രതിസന്ധിയിലായ ഇന്ത്യന്‍ വിപണി തിരിച്ചുവരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം രാഷ്ട്രീയപരമായ പരാമര്‍ശങ്ങളും മോദി നടത്തി. മുമ്പുള്ള സര്‍ക്കാരിന് ധീരമായ രാഷ്ട്രീയ നിലപാടുകള്‍ എടുക്കാനുള്ള ധൈര്യമായിരുന്നു. എന്നാല്‍ തന്റെ സര്‍ക്കാര്‍ അത്തരം റിസ്‌കുകള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ തയ്യാറാണെന്നും, മോദി പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക നടപടികള്‍ അദ്ദേഹം യോഗത്തില്‍ വിശദീകരിക്കുകയും ചെയ്തു.
2014 മുതല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിരവധി പരിഷ്‌കരണങ്ങളാണ് ഇന്ത്യയില്‍ വന്നിട്ടുള്ളത്. അതിനെല്ലാം കാരണം ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറായത് കൊണ്ടാണ്. ജിഎസ്ടി സുപ്രധാന കാര്യമായിരുന്നു. എന്നാല്‍ ജിഎസ്ടി പരിഷ്‌കരണങ്ങള്‍ വര്‍ഷങ്ങളോളം വൈകിയത് മുമ്പുള്ള സര്‍ക്കാരുകള്‍ രാഷ്ട്രീയമായി തീരുമാനങ്ങള്‍ എടുക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ്. ഇപ്പോള്‍ റെക്കോര്‍ഡ് ജിഎസ്ടി കളക്ഷനാണ് ഇന്ത്യക്ക് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു. അതിന് കാരണം ഇപ്പോഴുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെ വിദേശ നിക്ഷേപം വന്‍ തോതിലാണ്. രാജ്യത്തിന്റെ വളര്‍ച്ചയുടെ തലം തന്നെ മാറ്റുന്ന തരത്തിലാണ് ഇത്. കൊവിഡ് മഹാമാരിയില്‍ പ്രതിസന്ധിയില്‍ ആയിരുന്ന സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് കുതിക്കുകയാണ്. വ്യവസായ മേഖല അതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് ഇത്തരമൊരു യോഗം നടക്കുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി തന്നെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളരെ മെച്ചപ്പെട്ടു. പല ലോകരാജ്യങ്ങള്‍ക്കൊപ്പവും തോളോട് തോള്‍ ചേര്‍ന്നാണ് ഇന്ത്യ ഇന്ന് മുന്നോട്ട് പോകുന്നത്. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇവിടെയുള്ള വ്യവസായ മേഖലയ്ക്ക് സാധിക്കും. സ്വയം പര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കാന്‍ വ്യവസായങ്ങള്‍ക്കാണ് സാധിക്കുകയെന്നും മോദി പറഞ്ഞു. വിദേശ നിക്ഷേപത്തോട് പുറം തിരിഞ്ഞ് നിന്നിരുന്ന രാജ്യം ഇപ്പോള്‍ രണ്ട് കൈയ്യും നീട്ടി അതിനെ സ്വീകരിക്കുകയാണ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ അതിവേഗം മാറി കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളെ വിശ്വസിച്ച് വാങ്ങുന്നു. കമ്പനി ഇന്ത്യന്‍ തന്നെയാവണമെന്ന് ആര്‍ക്കും നിര്‍ബന്ധമില്ല. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നവ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി. രാജ്യത്ത് വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം ആരംഭിച്ചു. ഇത് മുമ്പ് ഇല്ലായിരുന്നു. പ്രതിരോധ മേഖലയില്‍ ഇന്ത്യ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. ബഹിരാകാശ-അറ്റോമിക് മേഖലയിലും അത്തരം മാറ്റങ്ങള്‍ വന്നു. റിട്രോസ്പെക്ടീവ് നികുതി എടുത്ത് കളഞ്ഞത് ഈ സര്‍ക്കാരിന്റെ നേട്ടമാണ്. നിക്ഷേപകരുടെ വിശ്വാസത്തെ തിരികെ പിടിക്കാനും അതിലൂടെ സാധിച്ചെന്ന് മോദി പറഞ്ഞു.
അതേസമയം നിക്ഷേപകരുടെ വിശ്വാസം തിരികെ പിടിക്കുക എന്ന ലക്ഷ്യമാണ് മോദി സര്‍ക്കാര്‍ മുഖമുദ്രയായി കാണുന്നത്. ഇന്ത്യയിലെ എല്ലാ മേഖലയും പഴയ കരുത്ത് വീണ്ടെടുത്തിട്ടില്ല. നിര്‍മാണ മേഖല നേരത്തെ മികച്ച രീതിയില്‍ മുന്നേറിയിരുന്നു. വാഹന വിപണിയിലും ഇന്ത്യ നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം തരംഗത്തിന് ശേഷം പൂര്‍ണമായ കരുത്ത് വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ നിക്ഷേപങ്ങള്‍ ഇന്ത്യക്ക് ആവശ്യമാണ്. അഞ്ച് ട്രില്യണ്‍ ഇക്കോണമിയില്‍ ഇന്ത്യ 2022ല്‍ എത്തുമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ വാദം. എന്നാല്‍ അതിനിനിയും വര്‍ഷങ്ങള്‍ പിടിക്കും.