
ലോസ് ഏഞ്ചല്‍സ്: ലോക സിനിമ റെക്കോര്‍ഡുകളില്‍ നാഴികകല്ല് സൃഷ്ടിക്കാനൊരുങ്ങുകയാണ് വാള്‍ട്ട് ഡിസ്‌നി കമ്പനി ഇറക്കിയ ഫോട്ടോ റിയലിസ്റ്റിക്ക് ചിത്രമായ ദി ലയണ്‍ കിങ്. വടക്കേ അമേരിക്കയില്‍ മാത്രം 185 ദശലക്ഷം ഡോളറിനടുത്ത് ചിത്രം ഇതിനോടകം വാരിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 1275 കോടി ഇന്ത്യന്‍ രൂപ വരും. മാത്രമല്ല ഇന്ത്യന്‍ ബോക്‌സോഫീസില്‍ വെറും 3 ദിനം കൊണ്ട് 50 കോടിയ്ക്ക് മുകളിലാണ് ചിത്രം വാരിയത്. ബോക്സോഫീസ് ഇന്ത്യ ഡോട്ട് കോമിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച ബോക്സോഫീസില്‍ ചിത്രം 24 കോടി രൂപ നേടി.
ബോക്‌സോഫീസില്‍ ആദ്യ വാരാന്ത്യത്തില്‍ 54 കോടി രൂപ സമാഹരിക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. ഹോളിവുഡ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. ജംഗിള്‍ ബുക്കും അവഞ്ചേഴ്സ് സിരീസും അടക്കം കളക്ഷനില്‍ അത് മുന്‍പ് തെളിയിച്ചതാണ്. 'ലയണ്‍ കിംഗും' അതിന് തുടര്‍ച്ചയാവുകയാണ്. ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നുമായി ആദ്യദിനം 13.17 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ്.
നിര്‍മ്മാതാക്കളായ ഡിസ്നി ചിത്രത്തിന്റെ ബജറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഉദ്ദേശം 250 മില്യണ്‍ ഡോളറാണ് (1721 കോടി ഇന്ത്യന്‍ രൂപ) അതെന്നാണ് അറിയുന്നത്. ലോകമെങ്ങുമുള്ള ഒരു തലമുറയെത്തന്നെ സ്വാധീനിച്ച ചിത്രമാണ് 1994ല്‍ പുറത്തിറങ്ങിയ 'ദി ലയണ്‍ കിംഗ്'. 25 വര്‍ഷത്തിന് ശേഷം ഫോട്ടോറിയലിസ്റ്റിക് അനിമേഷനായി രൂപാന്തരപ്പെടുത്തി ഡിസ്നി വീണ്ടും എത്തിച്ച ചിത്രത്തിന് വലിയ പ്രീ-റിലീസ് പബ്ലിസിറ്റിയാണ് ലഭിച്ചിരുന്നത്. ആദ്യ ചിത്രത്തിന് ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്നതിനാല്‍ സ്വാഭാവികമായും സമ്മിശ്ര പ്രതികരണമാണ് പുതിയ ചിത്രത്തിന് തുടക്കത്തില്‍ ലഭിച്ചത്.
എന്നാല്‍ ആഗോള ബോക്സ്ഓഫീസില്‍ ഈ അഭിപ്രായങ്ങള്‍ വലിയ സ്വാധീനമൊന്നും ചെലുത്തിയിട്ടില്ല. അങ്ങനെയാണ് കണക്കുകള്‍ പറയുന്നത്. യുഎസില്‍ മാത്രം 4,725 സ്‌ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്. യുഎസില്‍ വ്യാഴാഴ്ച നടന്ന പെയ്ഡ് പ്രിവ്യൂ പ്രദര്‍ശനങ്ങളില്‍ നിന്ന് മാത്രം 23 മില്യണ്‍ ഡോളര്‍ (158 കോടി രൂപ) ചിത്രം നേടി. ഇന്ത്യ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും ഈ വെള്ളിയാഴ്ച തന്നെയാണ് ചിത്രം എത്തിയതെങ്കില്‍ ചൈനയില്‍ ഒരാഴ്ച മുന്‍പേ എത്തി. ചൈനയിലെ തീയേറ്ററുകളില്‍ നിന്ന് ഇതിനകം 76 മില്യണ്‍ ഡോളറും (523 കോടി രൂപ) നേടി.