മദ്യത്തിനും പഞ്ചസാരയ്ക്കും ഉടനെ വില വര്‍ധിച്ചേക്കുമെന്ന് സൂചന

September 07, 2021 |
|
News

                  മദ്യത്തിനും പഞ്ചസാരയ്ക്കും ഉടനെ വില വര്‍ധിച്ചേക്കുമെന്ന് സൂചന

രാജ്യത്ത് മദ്യത്തിനും പഞ്ചസാരയ്ക്കും ഉടനെ വില വര്‍ധിച്ചേക്കുമെന്നു സൂചന. സര്‍ക്കാരുമായി അടുത്തവൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 3.05 കോടി ടണ്ണിലേക്ക് ഇടിയുമെന്നാണു വിലയിരുത്തല്‍. ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളിലെ എഥനോളിന്റെ ആളവ് വര്‍ധിപ്പിക്കുന്നതാണ് മദ്യത്തിനും പഞ്ചസാരയ്ക്കും തിരിച്ചടിയാകുന്നത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ എഥനോള്‍ കൂടുതലായി ഉപയോഗിക്കാന്‍ സര്‍ക്കാരും കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. എഥനോള്‍ ഉപയോഗിക്കുന്നതുവഴി മലിനീകരണം നിയന്ത്രിക്കാനാകുമെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ പത്ത് ശതമാനം എഥനോളാണ് കലര്‍ത്തുന്നത്. ഈ ഉപയോഗം വര്‍ധിപ്പിക്കാനാണു സര്‍ക്കാര്‍ തീരുമാനം. പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും അടുത്തിടെ കമ്പനികള്‍ പുറത്തിറക്കിയിരുന്നു. 325 കോടി ലിറ്റര്‍ എഥനോളാണ് കഴിഞ്ഞവര്‍ഷം എണ്ണക്കമ്പനികള്‍ ഉപയോഗിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി 400 കോടി ലിറ്റര്‍ എഥനോള്‍ വേണ്ടിവരും. 2025 ഓടെ പെട്രോളിയം ഉല്‍പ്പങ്ങളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തണമെന്നാണ് എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കരിമ്പ്, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എക്സ്ട്രാ ന്യൂട്രല്‍ എഥനോളാണ് പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത്. രാജ്യത്ത് പ്രമുഖ വിസ്‌ക്കി, വോഡ്കാ, ജിന്‍ തുടങ്ങിയ മദ്യ ബ്രാന്‍ഡുകിലും എക്സ്ട്രാ ന്യൂട്രല്‍ എഥനോള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ആവശ്യകത വര്‍ധിച്ചതോടെ എഥനോളിന്റെ വിലയും കുതിക്കുകയാണ്. നിലവില്‍ രാജ്യത്ത് 20 ലക്ഷം ടണ്‍ കരിമ്പാണ് എഥനോള്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. അടുത്തവര്‍ഷത്തോടെ ഇത് 35 ലക്ഷം ടണ്ണായി ഉയര്‍ത്താനാണ് കര്‍ഷകരുടെ തീരുമാനം. പഞ്ചസാരയേക്കാള്‍ മികച്ച ആദായം എഥനോള്‍ നല്‍കുമെന്നതും മാറ്റത്തിനു കാരണമാണ്.

കര്‍ഷകര്‍ പൂര്‍ണമായി എഥനോള്‍ ഉല്‍പ്പാദനത്തിലേക്കു തിരിയില്ല. ഇന്ത്യയുടെ ആവശ്യകത നിറവേറ്റുന്നതിനുള്ള പഞ്ചസാര ഉല്‍പ്പാദനം ഉണ്ടാകും. എഥനോള്‍ ഉല്‍പ്പാദനത്തിനു ചെലവ് കൂടുതലാണെന്നിരികേ ചെറുകിട കര്‍ഷകര്‍ പഞ്ചസാര ഉല്‍പ്പാദനവുമായി തന്നെ മുന്നോട്ടു പോകും. 2021- 22 വര്‍ഷം 39- 45 ലക്ഷം ടണ്‍ കരിമ്പ് രാജ്യത്ത് കൃഷി ചെയ്യുമെന്നാണു വിലയിരുത്തല്‍. മദ്യത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമായി കരിമ്പ് ഉല്‍പ്പാദനം ആവശ്യമാകുന്നതോടെ പഞ്ചസാര വില ഉയരുമെന്ന് ഉറപ്പാണ്. ഉല്‍പ്പാദപ്പിക്കുന്ന പഞ്ചസാരയില്‍ ഒരു ഭാഗം കയറ്റുമതിക്കായും മാറ്റിവയ്ക്കും.

Related Articles

© 2025 Financial Views. All Rights Reserved