
ഈടോ മറ്റു സെക്യൂരിറ്റിയോ ഇല്ലാതെ സ്വയം സഹായ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ കൊടുക്കുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി. റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ അടക്കം എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ 'ദീനദയാല്‍ അന്ത്യോദയ യോജന' എന്ന പരിപാടിയുടെ അടിസ്ഥാനത്തില്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പരിപാടിയുടെ കീഴിലാണ് ഈ വായ്പകള്‍ നല്‍കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ട പ്രസ്ഥാനത്തിന് ഇത് മുതല്‍ക്കൂട്ടാകും.
നിലവില്‍, കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ 250 ജില്ലകളില്‍ (കേരളത്തിലെ 4 എണ്ണം അടക്കം) കൃത്യമായി തിരിച്ചടവു നടത്തുന്നവര്‍ക്ക് 4% വാര്‍ഷിക പലിശ നിരക്കില്‍ വായ്പ ഉറപ്പു വരുത്തുന്നു. ബാങ്കുകള്‍ ഈടാക്കുന്ന പലിശയില്‍ ബാക്കി തുക സബ്‌സിഡി ആയി കേന്ദ്രം കൊടുക്കും. മറ്റു ജില്ലകളില്‍, സബ്‌സിഡി നല്‍കി പലിശ ഭാരം 7% മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. സ്ത്രീകളുടെ സംഘങ്ങള്‍ക്ക് മാത്രമാണു പലിശ സബ്‌സിഡി.
നിലവിലുള്ള സ്‌കീമിന്റെ വായ്പാ പരിധി ഉയര്‍ത്തുക മാത്രമാണ് മാറ്റം. നേരത്തേ വായ്പ എടുത്തു ശരിയാംവണ്ണം അടച്ചവര്‍ക്കാണ് പ്രധാനമായും പ്രയോജനം. കൊടുക്കുന്ന വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റിന്റെ പരിരക്ഷ ബാങ്കുകള്‍ക്കു ലഭിക്കും. ബാങ്കുകളില്‍ പുതിയ സര്‍ക്കുലര്‍ എത്തുന്ന മുറയ്ക്ക്, ഉയര്‍ത്തിയ വായ്പാ പരിധിയുടെ പ്രയോജനം കുടുംബശ്രീ സംഘങ്ങള്‍ക്കും അതിലെ അംഗങ്ങള്‍ക്കും ലഭിക്കും. നേരിട്ട് ബാങ്കുകളെ സമീപിക്കുന്നതിനെക്കാള്‍ എളുപ്പം 'കുടുംബശ്രീ' വഴി പോകുകയായിരിക്കും.
കൂടുതലും സ്ത്രീകളാണ് സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍. ഉപജീവനത്തിനുള്ള വായ്പ, വീടു പണി, കല്യാണം എന്നീ ആവശ്യങ്ങള്‍, പുറത്തു നിന്നെടുത്ത ഉയര്‍ന്ന പലിശ നിരക്കിലുള്ള കൈവായ്പകളുടെ തിരിച്ചടയ്ക്കല്‍ എന്നിവ എല്ലാം കണക്കാക്കി ചെറുകിട വായ്പകള്‍ നല്‍കി 'പൂര്‍ണ സാമ്പത്തിക ഉള്‍പ്പെടുത്തല്‍' പാവപ്പെട്ടവര്‍ക്ക് ഉറപ്പാക്കണം എന്നാണ് ബാങ്കുകള്‍ക്ക് കൊടുത്തിട്ടുള്ള നിര്‍ദേശം. 25,000 രൂപ മുതല്‍, ഇപ്പോള്‍ ഉയര്‍ത്തിയ ഏകദേശം 2 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ (ഒരു അയല്‍ക്കൂട്ടത്തില്‍ 10 എന്ന കണക്കില്‍) സാധാരണ കുടുംബങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. സ്ത്രീകള്‍ നയിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്കു കൊടുക്കുന്ന വായ്പകളില്‍ കിട്ടാക്കടം ബാങ്കുകള്‍ക്ക് തുലോം കുറവാണ്.