വായ്പ മൊറട്ടോറിയം പലിശ ഒഴിവാക്കല്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം; റിസര്‍വ് ബാങ്കിനു പിന്നില്‍ ഒളിക്കരുതെന്ന് സുപ്രീം കോടതി

August 26, 2020 |
|
News

                  വായ്പ മൊറട്ടോറിയം പലിശ ഒഴിവാക്കല്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം; റിസര്‍വ് ബാങ്കിനു പിന്നില്‍ ഒളിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വായ്പ മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പൊതുജനങ്ങളെ സംബന്ധിച്ചടത്തോളം നിര്‍ണായകമായ ഇത്തരം വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിനു പിന്നില്‍ ഒളിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചത്. പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരം തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കുകളുടെ ബിസിനസിന്റെ കാര്യം മാത്രം പരിഗണിച്ചാല്‍ പോരെന്നും ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. രാജ്യത്തിന്റെ ഫിനാന്‍ഷ്യല്‍ റെഗുലേറ്ററായ ആര്‍ബിഐയുടെ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

വായ്പ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള അക്കൗണ്ടുകള്‍ കണ്ടെത്തി പലിശ നിരക്ക് കുറയ്ക്കുന്നതുള്‍പ്പടെയുള്ള ആശ്വാസനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിലേയ്ക്ക് ഹര്‍ജി പരിഗണിക്കുന്നതിനായി നീട്ടി. വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved