
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരവെ വായ്പമേളകള്‍ വീണ്ടുമെത്തുന്നു. സാധാരണ ജനങ്ങള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വായ്പകള്‍ നല്‍കുന്നതിനാണ് പുതിയ വായ്പമേള സംഘടിപ്പിക്കുന്നത്. ഇതിലൂടെ സ്വകാര്യ ഉപഭോഗം ഉയര്‍ത്താമെന്നും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാമെന്നുമാണ് കേന്ദ്രസര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
2019ലാണ് ഇതിന് മുമ്പ് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ വായ്പമേള നടത്തിയത്. 250 ജില്ലകളിലായിരുന്നു അന്ന് മേള. ഉത്സവകാലത്തിന് മുന്നോടിയായിട്ടായിരുന്നു അന്ന് വായ്പമേള നടത്തിയത്. സമാനമായിരിക്കും ഇക്കുറിയും നടത്തുന്ന മേള. കോവിഡിന്റെ രണ്ട് തരംഗങ്ങള്‍ വലിയ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ചിരുന്നു. ഇത് സാധാരണനിലയിലാക്കണമെങ്കില്‍ വന്‍ തോതില്‍ പണം വിപണിയിലെത്തണം. ഇതിന് വായ്പമേളയിലൂടെ കഴിയുമെനാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തല്‍.