വായ്പാ പുനഃക്രമീകരണത്തിനുള്ള അര്‍ഹത ആര്‍ക്കൊക്കെ? വിശദാംശം അറിയാം

October 15, 2020 |
|
News

                  വായ്പാ പുനഃക്രമീകരണത്തിനുള്ള അര്‍ഹത ആര്‍ക്കൊക്കെ? വിശദാംശം അറിയാം

മുംബൈ: മാര്‍ച്ച് ഒന്നുവരെ കുടിശ്ശിക വരുത്താത്ത അക്കൗണ്ടുകള്‍ക്കു മാത്രമാവും കോവിഡ് അനുബന്ധ വായ്പാ പുനഃക്രമീകരണത്തിന് അര്‍ഹതയെന്ന് റിസര്‍വ് ബാങ്ക്. 30 ദിവസത്തിലധികം കുടിശ്ശിക വരുത്തുകയും മാര്‍ച്ച് ഒന്നിനുശേഷം തീര്‍ത്തതുമായ അക്കൗണ്ടുകള്‍ പദ്ധതിക്കു കീഴില്‍ വരില്ല. അതേസമയം, ഇത്തരം അക്കൗണ്ടുകള്‍ 2019 ജൂണ്‍ ഏഴിലെ പ്രൂഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക് പ്രകാരം പരിഗണിക്കാമെന്നും ആര്‍.ബി.ഐ. വിശദീകരിക്കുന്നു. പുനഃക്രമീകരണം സംബന്ധിച്ച് വായ്പയെടുത്തിട്ടുള്ളവരുടെയും വായ്പാസ്ഥാപനങ്ങളുടെയും സംശയനിവൃത്തിക്കായി നല്‍കിയ വിശദീകരണക്കുറിപ്പിലാണ് ആര്‍.ബി.ഐ. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

മാര്‍ച്ച് ഒന്ന് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരണത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്. അതിനുശേഷം അക്കൗണ്ട് ക്രമപ്പെടുത്തിയാലും അത് അനര്‍ഹമായിരിക്കും. ഇതനുസരിച്ച് ഏകദേശം 5.7 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ആനുകൂല്യത്തിനു പുറത്താകുമെന്നാണ് വിലയിരുത്തുന്നത്. അടിസ്ഥാനതീയതി മാര്‍ച്ച് ഒന്നാണെങ്കിലും പുനഃക്രമീകരണം വരെയുള്ള തുക പദ്ധതിയുടെ ഭാഗമാക്കാനാകും. വായ്പാ പുനഃക്രമീകരണത്തിന് വായ്പാസ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മില്‍ ഡിസംബര്‍ 31-നുമുമ്പായി ധാരണയിലെത്തിയിരിക്കണം. ഇത്തരത്തില്‍ ധാരണയുണ്ടാക്കുന്ന തീയതി മുതല്‍ 90 ദിവസത്തിനകം റീട്ടെയില്‍ വായ്പകളിലും 180 ദിവസത്തിനകം കോര്‍പ്പറേറ്റ് വായ്പകളിലും നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ആര്‍.ബി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്.

ഉപഭോക്താവ് ഒന്നിലധികം സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട വായ്പാസ്ഥാപനങ്ങള്‍ തമ്മില്‍ കരാറുണ്ടാക്കിവേണം നടപടിയെടുക്കാന്‍. നൂറുകോടിയിലധികം വരുന്ന വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ആവശ്യമാണ്. ജൂണ്‍ 26-ന് പ്രാബല്യത്തില്‍വന്ന സൂക്ഷ്മ-ചെറു-ഇടത്തരം സംരംഭങ്ങളുടെ പുതുക്കിയ നിര്‍വചനം പദ്ധതിക്ക് ബാധകമാവില്ല.

മാര്‍ച്ച് ഒന്നുപ്രകാരമുള്ള നിര്‍വചനമായിരിക്കും പരിഗണിക്കുക. വസ്തു ഈടാക്കിവെച്ചിട്ടുള്ള വായ്പകള്‍ വ്യക്തിഗത വായ്പാ വിഭാഗത്തിലുള്ളതല്ലെങ്കില്‍ പുനഃക്രമീകരിക്കാം. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലേതടക്കം കാര്‍ഷികവായ്പകള്‍ പദ്ധതിയുടെ ഭാഗമാക്കാം. എന്നാല്‍ ക്ഷീരമേഖല, മത്സ്യക്കൃഷി, മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ടുനൂല്‍ക്കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വായ്പകള്‍ പദ്ധതിക്കു പുറത്തായിരിക്കുമെന്നും ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved