ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി; ഇനി സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍

September 17, 2020 |
|
News

                  ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി; ഇനി സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളുടെ മോശം അവസ്ഥ കണക്കിലെടുത്ത് ലോക്‌സഭ 2020 ലെ ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി ബില്‍ പാസാക്കി. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റില്‍ ഭേദഗതികളാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഈ പുതിയ ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) മേല്‍നോട്ടത്തിന് കീഴില്‍ കൊണ്ടവരാനാണ് ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ ഭേദഗതി ബില്‍ വഴി ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിലവില്‍ ചില സഹകരണ ബാങ്കുകളിലെ നിര്‍ഭാഗ്യകരമായ അവസ്ഥ നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി, സഹകരണ ബാങ്കുകളുടെയും ചെറുകിട ബാങ്കുകളുടെയും നിക്ഷേപകര്‍ പ്രശ്നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും നിക്ഷേപകരെ സംരക്ഷിക്കുന്നതിനായാണ് ഈ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും പല ബാങ്കുകളും ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മാര്‍ച്ചില്‍ ബജറ്റ് സെഷനിലാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. എന്നിരുന്നാലും, കൊവിഡ്-19 മഹാമാരി കാരണം ബില്‍ കൈമാറാന്‍ കഴിഞ്ഞില്ല. 1,482 നഗര, 58 മള്‍ട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളെ കേന്ദ്ര ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ജൂണില്‍ അംഗീകാരം നല്‍കി. മഹാമാരി കാരണം, സഹകരണ ബാങ്കുകളിലെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും മൊത്തം എന്‍പിഎ അനുപാതം 2019 മാര്‍ച്ചില്‍ 7.27 ശതമാനത്തില്‍ നിന്ന് 2020 മാര്‍ച്ചില്‍ 10 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു. അതിനാല്‍ നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് തോന്നിയതായും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ബില്‍ സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നില്ല. സഹകരണ ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനല്ല ഭേദഗതിയെന്നും സീതാരാമന്‍ പറഞ്ഞു. ഭേദഗതികളോടെ, ഒരു ബാങ്കിനെ മൊറട്ടോറിയത്തില്‍ ഉള്‍പ്പെടുത്താതെ സംയോജിപ്പിക്കുന്നതിനുള്ള പദ്ധതി ആര്‍ബിഐക്ക് ഏറ്റെടുക്കാന്‍ കഴിയും. ഈ ഭേദഗതിക്ക് മുമ്പ്, ഒരു ബാങ്കിനെ മൊറട്ടോറിയത്തിന് കീഴില്‍ കൊണ്ടുവന്നാല്‍, അത് നിക്ഷേപകരുടെ പിന്‍വലിക്കല്‍ തടയുക മാത്രമല്ല, ഒരു ബാങ്കിന്റെ വായ്പാ പ്രവര്‍ത്തനത്തെ തടയുകയും ചെയ്തിരുന്നു.

പൊതുജനങ്ങളുടെ താത്പര്യം, ബാങ്കിംഗ് സംവിധാനം, ബാങ്കിലെ അക്കൗണ്ട് ഉടമകള്‍, ബാങ്കിംഗ് കമ്പനിയുടെ ശരിയായ മാനേജ്‌മെന്റ് എന്നിവ ഉറപ്പുവരുത്തുന്നതിനായി ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താതെ ഒരു പദ്ധതി വികസിപ്പിക്കാന്‍ കേന്ദ്ര ബാങ്കിനെ സഹായിക്കുന്നതിനായി നിയമത്തിലെ സെക്ഷന്‍ 45 പ്രകാരം കുറച്ച് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ മാറ്റങ്ങള്‍ സംസ്ഥാന നിയമപ്രകാരം സഹകരണ സംഘങ്ങളുടെ സംസ്ഥാന രജിസ്ട്രാരുടെ നിലവിലുള്ള അധികാരങ്ങളെ ബാധിക്കില്ല.

പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികള്‍ (പിഎസിഎസ്) അല്ലെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് ഈ ഭേദഗതികള്‍ ബാധകമല്ല, അവരുടെ പ്രാഥമിക ലക്ഷ്യവും പ്രധാന ബിസിനസും കാര്‍ഷിക വികസനത്തിന് ദീര്‍ഘകാല ധനകാര്യം ഉറപ്പാക്കുകയാണ്. ഈ നീക്കം തീര്‍ച്ചയായും സഹകരണ ബാങ്കുകളിലുള്ള ആത്മവിശ്വാസം മെച്ചപ്പെടുത്തുകയും എല്ലാ പങ്കാളികളുടെയും താല്‍പ്പര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.

Related Articles

© 2025 Financial Views. All Rights Reserved