നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടാനൊരുങ്ങി ഘനവ്യവസായ മന്ത്രാലയം

March 21, 2022 |
|
News

                  നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടാനൊരുങ്ങി ഘനവ്യവസായ മന്ത്രാലയം

ഘനവ്യവസായ മന്ത്രാലയത്തിന് കീഴില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രം പൂട്ടിയേക്കും. സ്ഥാപനങ്ങളുടെ പുനരുദ്ധാരണം, സ്വകാര്യവത്കരണം തുടങ്ങിയവയും കേന്ദ്രം പരിഗണിക്കുന്നുണ്ട്. നഷ്ടത്തിലായ ഏതാനും സ്ഥാപനങ്ങളില്‍ ചിലത് വില്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം മറ്റുവഴികള്‍ തേടുന്നത്.

കഴിഞ്ഞ വര്‍ഷം സ്‌കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ്, ഭാരത് പമ്പ് ആന്‍ഡ് കമ്പ്രസേഴ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രം പൂട്ടിയിരുന്നു. 2015ല്‍ തുംഗഭദ്ര സ്റ്റീല്‍ പ്രോഡക്ട് ലിമിറ്റഡും 2016ല്‍ എച്ച്എംടി വാച്ചസും പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. നിലവില്‍ ഘനവ്യവസായ മന്ത്രാലയത്തിന് കീഴില്‍ 29 കമ്പനികളാണ് ഉള്ളത്. അതില്‍ 6 എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. 11 കമ്പനികള്‍ നഷ്ടത്തിലാണ്. ബാക്കിയുള്ള 12 എണ്ണത്തില്‍ ഏഴെണ്ണം പൂട്ടിയപ്പോള്‍ അഞ്ച് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

എഞ്ചിനീയറിംഗ് പ്രോജക്ട്‌സ് (ഇന്ത്യ) ലിമിറ്റഡ്, ബ്രൈത്തൈ്വറ്റ്, ബേണ്‍ & ജെസോപ്പ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്, എച്ച്എംടി ലിമിറ്റഡ്, എച്ച്എംടി (ഇന്റര്‍നാഷണല്‍) ലിമിറ്റഡ്, റിച്ചാര്‍ഡ്‌സണ്‍ ആന്‍ഡ് ക്രഡ്ദാസ് ലിമിറ്റഡ്, ബ്രിഡ്ജ് ആന്‍ഡ് റൂഫ് കോ. (ഇന്ത്യ) ലിമിറ്റഡ് എന്നിവയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവ. എച്ച്എംടി മെഷീന്‍ ടൂള്‍സ്, രാജസ്ഥാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റ്സ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, എന്‍ഇപിഎ, ഹിന്ദുസ്ഥാന്‍ സാള്‍ട്ട്സ്, സാംബാര്‍ സാള്‍ട്ട്സ്, ആന്‍ഡ്രൂ യൂള്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ്, ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് തുടങ്ങിയവയാണ് നഷ്ടത്തിലുള്ളവ.

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ആന്‍ഡ്രൂ യൂള്‍ തുടങ്ങിയവയുടെ ഓഹരികള്‍ വില്‍ക്കുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മന്ത്രാലയത്തിന് കീഴിലുള്ള ഏറ്റവും വലിയ സ്ഥാപനമാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്. 2020 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം ആസ്തി മൂല്യം 6,645 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ നഷ്ടം 231 കോടിയുടെ നഷ്ടത്തില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ കമ്പനി 14 കോടിയുടെ ലാഭത്തില്‍ എത്തിയിരുന്നു. കേന്ദ്രത്തിന്റെ ഓട്ടോ പിഎല്‍ഐ സ്‌കീമിലും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഇടം നേടിയിട്ടുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 65,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വിറ്റഴിക്കലിലൂടെ ഈ വര്‍ഷം ലക്ഷ്യമിട്ട തുക 1.75 ലക്ഷം കോടിയില്‍ നിന്ന് 78,000 കോടി രൂപയായി വെട്ടിക്കുറച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടക്കാത്തിനാല്‍ ഈ തുക സമാഹരിക്കാന്‍ കേന്ദ്രത്തിനാവില്ല.

Related Articles

© 2024 Financial Views. All Rights Reserved