
ന്യൂഡൽഹി: രാജ്യത്ത് പാചകാവശ്യത്തിനുള്ള വാതകത്തിന്‍റെ വില കുറഞ്ഞു. ഗാർഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് ഇന്നത്തെ വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസ കുറഞ്ഞ് 1274 രൂപ 50 പൈസയായി ഇന്നത്തെ വില. അന്താരാഷ്ട്ര ക്രൂഡ് നിരക്കുകളും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനമാക്കി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ റീട്ടെയിലർമാരാണ് ഈ നിരക്കുകൾ നിശ്ചയിക്കുന്നത്.
പുതിയ വില ഇന്നു മുതൽ നിലവിൽ വന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് ഇന്ത്യൻ വിപണിയിലും വില കുറയാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. നേരത്തേ മാർച്ച് ആദ്യവാരവും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞിരുന്നു. 2019 ഓഗസ്റ്റിന് ശേഷം, എൽപിജി സിലിണ്ടറിന്‍റെ വില കുറച്ചത് കഴിഞ്ഞ മാസമാണ്. മാർച്ചിന് മുമ്പ്, ആറ് മാസത്തിനിടെ ആറ് തവണ വില കൂട്ടിയിരുന്നു. അമ്പത് ശതമാനം വിലവർദ്ധനയാണ് അതുവരെ ഉണ്ടായത്.
ഇതിൽത്തന്നെ ഗാർഹിക ഉപഭോക്താക്കളെ ഞെട്ടിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലെ വിലവർദ്ധനയാണ്. ഒറ്റയടിക്ക് 146 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂടിയത്. വില കൂടിയെങ്കിലും കൂട്ടിയ തുക സബ്‍സിഡിയായി തിരികെ അക്കൗണ്ടുകളിലേക്ക് എത്തുമെന്ന് എണ്ണ കമ്പനികൾ പറഞ്ഞിരുന്നു. എങ്കിലും വൻ പ്രതിഷേധമാണ് ഉണ്ടായത്.
ഇന്ത്യയിലെ കുടുംബങ്ങൾക്ക് പ്രതിവർഷം പരമാവധി 12 എൽപിജി സിലിണ്ടർ വാങ്ങാൻ സബ്‌സിഡി നിരക്കിൽ അനുമതിയുണ്ട്. എന്നിരുന്നാലും, വാങ്ങുന്ന സമയത്ത് സിലിണ്ടറുകൾ പൂർണ്ണ വിലയ്ക്ക് വാങ്ങേണ്ടതാണ്. തുടർന്ന് സബ്സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സർക്കാർ ക്രെഡിറ്റ് ചെയ്യും.
മാർച്ച് 25 മുതൽ പ്രധാനമന്ത്രി മോദി രാജ്യത്തുടനീളം 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം, നിരവധി ഉപഭോക്താക്കൾ പരിഭ്രാന്തിയോടെ ഒന്നിലധികം ബുക്കിംഗ് നടത്തിയതിനാൽ പാചക ഇന്ധനത്തിനുള്ള ആവശ്യം വർദ്ധിച്ചു. അതിനെത്തുടർന്ന് എല്ലാ പ്ലാന്റുകളും വിതരണ സ്ഥലങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ലോക്ക്ഡൗൺ സമയത്ത് തടസ്സമില്ലാതെ ഇന്ധനം ഉപഭോക്താക്കൾക്ക് നൽകുമെന്നും ഐഒസി ഉറപ്പ് നൽകി.