7 വര്‍ഷത്തിനിടെ പെട്രോളിനും ഡീസലിനും നികുതി ഉയര്‍ത്തിയത് 459 ശതമാനം! കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

March 10, 2021 |
|
News

                  7 വര്‍ഷത്തിനിടെ പെട്രോളിനും ഡീസലിനും നികുതി ഉയര്‍ത്തിയത് 459 ശതമാനം! കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും രാജ്യത്ത് പൊള്ളുന്ന വിലയാണ്. ആഗോള വിപണിയില്‍ വില കുറഞ്ഞ വേളയില്‍ ഇന്ത്യയില്‍ എണ്ണ വില കുറച്ചിരുന്നില്ല. എന്നാല്‍ ആഗോള വിപണിയില്‍ വില ഉയരുന്നതാണ് നിലവിലെ കാഴ്ച. ഈ പേരില്‍ ഇന്ത്യയില്‍ വില കുത്തനെ ഉയര്‍ത്തുകയാണ്. രാജ്യത്തെ ചിലയിടങ്ങളില്‍ പെട്രോള്‍ ലിറ്ററിന് വില 100 കടന്നിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പെട്രോളിനും ഡീസലിനും ചുമത്തിയ നികുതി സംബന്ധിച്ച് കേന്ദ്ര എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി.

പെട്രോളിനും ഡീസലിനുമുള്ള നികുതി കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 459 ശതമാനമാണ് ഉയര്‍ത്തിയത്. എല്‍പിജി സിലിണ്ടറിന് വില ഇരട്ടിയാക്കുകയും ചെയ്തു. ഇപ്പോള്‍ ഒരു സിലിണ്ടറിന് 819 രൂപയാണ് നല്‍കേണ്ടത് എന്ന് ധര്‍മേന്ദ്ര പ്രധാന്‍ ലോക്സഭയില്‍ പറഞ്ഞു. രാജ്യത്ത് ഇന്ധനവില വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ രേഖാമൂലുള്ള വിശദീകരണം.

2014 മാര്‍ച്ച് ഒന്നിന് 14.2 കിലോയുള്ള ഒരു ഗ്യാസ് സിലിണ്ടറിന് നല്‍കേണ്ടിയിരുന്നത് 410 രൂപയായിരുന്നു. ഇന്ന് ദില്ലിയില്‍ നല്‍കേണ്ടത് 819 രൂപയാണ്. ഇക്കഴിഞ്ഞ ഡിസംബറിന് ശേഷമാണ് വില കുത്തനെ ഉയര്‍ന്നത്. ഡിസംബറില്‍ വില 594 രൂപയായിരുന്നു. പിന്നീട് ഇടയ്ക്കിടെ വര്‍ധിപ്പിച്ചാണ് ഇന്നത്തെ വിലയിലേക്കെത്തിയത്. ഇന്ധന വില വര്‍ധനവ് രാജ്യത്തെ ജനങ്ങളെ വന്‍ ദുരന്തത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

2013ല്‍ പെട്രോളിനും ഡീസലിനുമായി ലഭിച്ച നികുതി 52537 കോടി രൂപയായിരുന്നു. 2019-20ലെ കണക്കു പ്രകാരം ഇത് 2.13 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധന നികുതി കൊടുക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 32.90 രൂപ എക്സൈസ് നികുതി ചുമത്തുന്നുണ്ട്. ഡീസലിന് 31.80 രൂുപയും. 2018ല്‍ പെട്രോളിനുള്ള എക്സൈസ് നികുതി 17.98 രൂപയും ഡീസലിന് 13.83 രൂപയുമായിരുന്നു. ബിജെപി അധികാരത്തിലെത്തിയ ശേഷം ഇന്ധന നികുതി കുത്തനെ വര്‍ധിപ്പിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണം എന്ന ചര്‍ച്ച സജീവമാണ്. നിലവില്‍ കേന്ദ്രവും സംസ്ഥാനങ്ങളും വ്യത്യസ്ത നികുതിയാണ് ചുമത്തുന്നത്. ജിഎസ്ടി നിലവില്‍ വന്നാല്‍ ഉയര്‍ന്ന പരിധിയായ 28 ശതമാനമാണ് ചുമത്തുക. കേന്ദ്രവും സംസ്ഥാനവും പ്രത്യേകം നികുതി ഈടാക്കില്ല. അതാകട്ടെ നികുതി കുറയാന്‍ ഇടയാക്കും. വില കുറയുകയും ചെയ്യും. എന്നാല്‍ ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ജിഎസ്ടി കൗണ്‍സിലില്‍ സമവായത്തിലെത്തേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നതിനാല്‍ കേന്ദ്രം നഷ്പരിഹാരം നല്‍കുകയാണെങ്കില്‍ തങ്ങള്‍ ഒരുക്കമാണെന്ന് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved