പാചകവാതകത്തിന് തീ വില; വീണ്ടും വാണിജ്യ സിലണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു

December 01, 2021 |
|
News

                  പാചകവാതകത്തിന് തീ വില; വീണ്ടും വാണിജ്യ സിലണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു

ഒന്നാം തീയതി തന്നെ പാചകവാതക വില കുത്തനെ കൂട്ടി എണ്ണക്കമ്പനികള്‍. വാണിജ്യ സിലണ്ടറുകള്‍ക്ക് 101 രൂപ വര്‍ധിച്ചെന്ന് എണ്ണക്കമ്പനികളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സിലിണ്ടറുകള്‍ക്കു 270 രൂപയോളം കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് ഏക ആശ്വസം. പുതിയ വില വര്‍ധനയോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2095.50 രൂപ ആയി. പലയിടങ്ങളിലും സിലണ്ടര്‍ ലക്ഷ്യ സ്ഥാനത്തെത്തുമ്പോള്‍ ഗതാഗത ചാര്‍ജ് കൂടി കൂട്ടുമ്പോള്‍ 2,150 രൂപയോളം വരും. രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ ഇടിയുമ്പോഴും എണ്ണക്കമ്പനികള്‍ വില വര്‍ധന തുടരുകയാണ്.

രാജ്യാന്തര എണ്ണവില കഴിഞ്ഞ അഞ്ചു ദിവസമായി കുത്തനെ കുറഞ്ഞിരുന്നു. പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ രാജ്യാന്തര വിപണിയില്‍ ശക്തി പ്രാപിക്കുന്നതാണ് രാജ്യാന്തര എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ലെന്നു പറയുമ്പോഴും വാണിജ്യ സിലിണ്ടര്‍ വില വര്‍ധന സാധാരണക്കാരന്റെ ചുമലിലെ ഭാരം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഹോട്ടലുകളിലും വാണിജ്യ മേഖലയിലും ഉപയോഗിക്കുന്ന ഇത്തരം സിലിണ്ടറുകളുടെ വില വര്‍ധിക്കുന്നത് പരോക്ഷമായി സാധാരണക്കാരെ തന്നെയാണ് ബാധിക്കുന്നത്. ഇതോടകം ഉയരത്തിലെത്തി നില്‍ക്കുന്ന പണപ്പെരുപ്പം ഇനിയും തിരിച്ചടിയാകുമെന്നു സാരം.

സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതിയായ കമ്മ്യൂണിറ്റി കിച്ചനടക്കം വാണിജ്യ സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം പദ്ധതികളും വില വര്‍ധനയോടെ ചോദ്യം ചെയ്യപ്പെടുകയാണ്. രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടുകളുടെ അടിസ്ഥാന വിലയില്‍ 371 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഹോട്ടലുകളിലും മറ്റും ഒരു ദിവസം മൂന്നു മുതല്‍ അഞ്ചു വരെ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ 14.5 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് കൊച്ചിയില്‍ 906 രൂപ 50 പൈസയാണ്. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില ഈ വര്‍ഷം ഇതുവരെ 205 രൂപ ഉയര്‍ത്തിയിട്ടുണ്ട്.

കോവിഡിനെ തുടര്‍ന്നു നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരമാണ് രാജ്യത്തെ ഇന്ധനവില വര്‍ധന. അടിസ്ഥാന വിലയിലാണ് കമ്പനികള്‍ മാറ്റം വരുത്തുന്നതെങ്കിലും ഏജന്‍സികളുടെ നിരക്കുകളും ഗതാഗത നിരക്കുകളും ഉപയോക്താവ് വഹിക്കേണ്ടി വരും. അതായത് ഒരു സിലിണ്ടര്‍ വീട്ടിലെത്തമെങ്കില്‍ കേരളത്തില്‍ പലയിടത്തും 1000 രൂപയോളം ചെലവ് വരുന്നുണ്ട്. ഇറക്കുമതി പാരിറ്റി വില(എ.പി.പി) അടിസ്ഥാനമാക്കിയാണ് ഗ്യാസ് സിലിണ്ടറിന്റെ വില കണക്കാക്കുന്നത്. രാജ്യം ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ എല്‍.പി.ജി. വില അടിസ്ഥാനമാക്കിയാണ് ഐ.പി.പി. നിര്‍ണയിക്കുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയിലെ എണ്ണവിലയിടിവ് എണ്ണക്കമ്പനികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്നലെ മാത്രം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 2.87 ശതമാനം ഇടിഞ്ഞ് 70.57 ഡോളറിലെത്തി.

ഈ മാസം ആദ്യം 85 ഡോളറില്‍ നിന്ന വിലയാണ് ഇടിഞ്ഞിരിക്കുന്നത്. 15 ദിവസത്തെ രാജ്യാന്തര എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് ഇന്ധനവില നിര്‍ണയിക്കുന്നതെന്ന കമ്പനികളുടെ വാദവും പൊളിഞ്ഞു കഴിഞ്ഞു. നിലവിലെ സിലിണ്ടര്‍ വാങ്ങലുകള്‍ക്കു സബ്‌സിഡി ലഭിക്കില്ലെന്നതും ഇരട്ടി പ്രഹരമാണ്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ എല്‍.പി.ജി. സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിര്‍ത്തലാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിലിണ്ടറുകള്‍ക്കു സബ്‌സിഡി പുനഃസ്ഥാപിക്കുന്നതിനൊപ്പം ഇന്ധനവില നിര്‍ണയ അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

ഇന്ധനവിലയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും എതിര്‍ത്തതു മൂലം ഇതുണ്ടായില്ല. വരുമാനച്ചോര്‍ച്ച തടയുന്നതിനാണ് സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചത്. കോവിഡ് നിയന്ത്രണങ്ങളില്‍ പുറത്തുവരുന്ന വിപണികളില്‍ നിലനില്‍പ്പിനായി സംരംഭങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇതിനിടെ വാണിജ്യ സിലിണ്ടറിന് വില വര്‍ധിക്കുന്നത് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നത് ഉപയോക്താക്കള്‍ക്കും വിപണികള്‍ക്കും ഗുണമല്ല. പണപ്പെരുപ്പം കുതിക്കുന്നതിന് ഇതു വഴിവയ്ക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved