ജനങ്ങള്‍ക്ക് കനത്ത തിരിച്ചടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

October 06, 2021 |
|
News

                  ജനങ്ങള്‍ക്ക് കനത്ത തിരിച്ചടി;  പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ഈ മാസം ഒന്നിന് പാചക വാതക വില വര്‍ധിപ്പിക്കാതിരുന്നപ്പോള്‍ ആശ്വസിച്ച ഉപയോക്താക്കള്‍ക്ക് കനത്ത തിരിച്ചടി. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രബല്യത്തിലാക്കി എണ്ണക്കമ്പനികള്‍. പാചക വാതക സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില രണ്ടു രൂപ കുറച്ചു. ഈ മാസം ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 43 രൂപ കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സാധാരണ മാസത്തിന്റെ തുടക്കത്തിലും 15-ാം തീയതിയുമാണ് വാതക വിലയില്‍ കമ്പനികള്‍ മാറ്റം വരുത്താറുള്ളത്. രാജ്യാന്തര എണ്ണവിലക്കയറ്റവും ഡോളറിനെതിരേ രൂപയുടെ മോശം പ്രകടനവുമാണ് എണ്ണക്കമ്പനികള്‍ വില വര്‍ധനയ്ക്കു കാരണമായി ഉയര്‍ത്തികാട്ടുന്നത്.

നിലവിലെ നിരക്കു വര്‍ധനയോടെ 14.5 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് കൊച്ചിയില്‍ 906 രൂപ 50 പൈസയായി. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില രണ്ടു രൂപ കുറച്ചതോടെ 1726 രൂപയാണ് കൊച്ചിയിലെ വില. രണ്ട് മാസത്തിനുള്ളില്‍ തുടര്‍ച്ചയായി നാലാം തവണയാണ് കമ്പനികള്‍ എല്‍പിജി സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില ഈ വര്‍ഷം ഇതുവരെ 205 രൂപ ഉയര്‍ത്തിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നു നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരമാണ് രാജ്യത്തെ ഇന്ധനവില വര്‍ധന. അടിസ്ഥാന വിലയിലാണ് കമ്പനികള്‍ മാറ്റം വരുത്തുന്നതെങ്കിലും ഏജന്‍സികളുടെ നിരക്കുകളും ഗതാഗത നിരക്കുകളും ഉപയോക്താവ് വഹിക്കേണ്ടി വരും. അതായത് ഒരു സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ കേരളത്തില്‍ പലയിടത്തും 1000 രൂപയോളം ചെലവ് വരുമെന്നു സാരം.

പുതിയ വില വര്‍ധനയോടെ ഡല്‍ഹിയില്‍ 14.5 കിലോഗ്രാം സിലിണ്ടറിന്റെ വില 899.50 രൂപയാകും. മുംബൈയില്‍, ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 899.50 രൂപയാണ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വില കൊല്‍ക്കത്തയിലാണ്. 926 രൂപ. ചെന്നൈയില്‍ 14.5 കിലോഗ്രാം വരുന്ന പാചക വാതകത്തിന്റെ വില 915.50 രൂപയായിരിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയവരുടെ ഉപയോക്താക്കള്‍ക്കു പുതിയ നിരക്കു ബാധകമാകും.

ഇറക്കുമതി പാരിറ്റി വില(ഐപിപി) അടിസ്ഥാനമാക്കിയാണ് ഗ്യാസ് സിലിണ്ടറിന്റെ വില കണക്കാക്കുന്നത്. രാജ്യം ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ എല്‍പിജി വില അടിസ്ഥാനമാക്കിയാണ് ഐപിപി നിര്‍ണയിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ രാജ്യാന്തര എണ്ണവിലയില്‍ 13 ഡോളറിന്റെ വര്‍ധനയാണുണ്ടായത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വിലയും 105 പിന്നിട്ടു. ഡീസല്‍ വില ഉടനെ തന്നെ 100 കടക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം ഒന്നിന് ഇതിനു മുമ്പ് വാതകവില വര്‍ധിച്ചത്. അന്ന് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 73.50 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവിലെ വാങ്ങലുകള്‍ക്കു സബ്‌സിഡി ലഭിക്കില്ലെന്നതും ഇരട്ടി പ്രഹരമാണ്. ചുരുക്കത്തില്‍ ജീവിതച്ചെലവ് ഉയരുമെന്നു സാരം. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ എല്‍.പി.ജി. സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിര്‍ത്തലാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിലിണ്ടറുകള്‍ക്കു സബ്‌സിഡി പുനഃസ്ഥാപിക്കുന്നതിനൊപ്പം ഇന്ധനവില നിര്‍ണയ അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

ഇന്ധനവിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ജിഎസ്ടി കണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും എതിര്‍ത്തതു മൂലം ഇതുണ്ടായില്ല. വരുമാനച്ചോര്‍ച്ച തടയുന്നതിനാണ് സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചത്. കോവിഡ് നിയന്ത്രണങ്ങളില്‍ പുറത്തുവരുന്ന വിപണികളില്‍ നിലനില്‍പ്പിനായി സംരംഭങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇതിനിടെ വാണിജ്യ സിലിണ്ടറിന് വില വര്‍ധിക്കുന്നത് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നത് ഉപയോക്താക്കള്‍ക്കും വിപണികള്‍ക്കും ഗുണമല്ല. പണപ്പെരുപ്പം കുതിക്കുന്നതിന് ഇതു വഴിവയ്ക്കും.

Related Articles

© 2025 Financial Views. All Rights Reserved