ജനങ്ങള്‍ക്ക് തിരിച്ചടി; പാചകവാതക വില ഉടനെ കുതിക്കുമെന്നു റിപ്പോര്‍ട്ട്

February 23, 2022 |
|
News

                  ജനങ്ങള്‍ക്ക് തിരിച്ചടി; പാചകവാതക വില ഉടനെ കുതിക്കുമെന്നു റിപ്പോര്‍ട്ട്

പാചകവാതക വില ഉടനെ കുതിക്കുമെന്നു റിപ്പോര്‍ട്ട്. പണപ്പെരുപ്പം കുതിച്ചുയരുന്നതിനിടെയാണ് ഈ ആഘാതം. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ അണ്‍ബ്ലെന്‍ഡഡ് ട്രാന്‍സ്പോര്‍ട്ട് ഇന്ധനങ്ങള്‍ക്ക് അധിക ഇന്ധന നികുതി ചുമത്തുന്നതിനിടയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ധന സബ്‌സിഡി വെട്ടിക്കുറച്ചിരുന്നു.

കൊവിഡ്- 19 ഇന്ത്യയെ വലിഞ്ഞു മുറുകുന്നതിനിടെ 2020 മേയ് മുതല്‍ എല്‍പിജി സിലിണ്ടറുകളുടെ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. നിലവില്‍ സിലിണ്ടര്‍ വിലയുടെ ഏകദേശം ചെറിയൊരു അംശം മാത്രം വരുന്ന ട്രാന്‍സ്‌പോര്‍ട്ട് അഡ്ജസ്റ്റ്‌മെന്റ് പേഔട്ട് അല്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് സബ്‌സിഡിയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. മുന്‍കാലങ്ങളിലെ റീഫില്‍ ചെലവിന്റെ 25- 50 ശതമാനം വാഗ്ദാനം ചെയ്തിരുന്ന എല്‍.പി.ജി. സബ്സിഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു നാമമാത്രമാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക്, ഗതാഗത പേഔട്ടുകളും പി.എം.യു.വൈ. ചെലവുകളും അടങ്ങുന്ന എല്‍.പി.ജി സബ്‌സിഡി 11 ശതമാനമാണു കുറച്ചിരുക്കുന്നത്.

2022 സാമ്പത്തിക വര്‍ഷത്തിലെ 6,517 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 705 കോടി കുറവാണ് 2023 സാമ്പത്തിക വര്‍ഷത്തിലെ 5,812.50 കോടി രൂപ. കോവിഡ് -19 ആദ്യമായി ഇന്ത്യയെ ബാധിച്ചപ്പോള്‍, 2021 സാമ്പത്തിക വര്‍ഷത്തില്‍ എല്‍.പി.ജി. സബ്‌സിഡിക്കായി സര്‍ക്കാര്‍ 35,195 കോടി രൂപ ചെലവഴിച്ചിരുന്നു, ഇത് വരുന്ന സാമ്പത്തിക വര്‍ഷത്തേക്കാള്‍ 83 ശതമാനം കൂടുതലാണ്. അസംസ്‌കൃത എണ്ണവില തുടര്‍ച്ചയായി ഉയരുന്നത് തുടരുകയും വിലക്കയറ്റത്തിന് ഉപഭോക്താക്കളില്‍ നിന്ന് പ്രതിരോധം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സെന്‍സിറ്റീവ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കുന്നത് അപര്യാപ്തമായേക്കാമെന്ന് ഐ.സി.ആര്‍.എ. കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും കോ- ഹെഡുമായ പ്രശാന്ത് വസിഷ്ഠ് പറഞ്ഞു.

റഷ്യ- ഉക്രെയന്‍ പ്രതിസന്ധി തുടരുന്നതിനിടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുകയാണ്. നിലവില്‍ ബാരലിന് 97 ഡോളര്‍ പിന്നിട്ട എണ്ണവില ഉടനെ തന്നെ 100 ഡോളര്‍ പിന്നിട്ടേക്കുമെന്നു പ്രവചിക്കുന്നവര്‍ ഏറെയാണ്. രാജ്യത്ത് തെരഞ്ഞെടുപ്പു നടക്കുന്നതു കൊണ്ടു മാത്രമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. മുന്‍കാലങ്ങളിലും തെരഞ്ഞെടുപ്പു സമയങ്ങളില്‍ എണ്ണക്കമ്പനികള്‍ മൗനം ഭൂഷണമാക്കിയിരുന്നു. തെരഞ്ഞെടുപ്പു ചൂടു കഴിയുന്നതോടെ പെട്രോള്‍- ഡീസല്‍ എന്നിവയുടെ വില കുതിക്കുമെന്നാണു വിലയിരുത്തല്‍. രാജ്യാന്തര വിലയ്ക്ക് അനുസരിച്ച് പ്രതിദിനം വില മാറുന്ന സമ്പ്രദായമാണ് രാജ്യത്തുള്ളത്. അതേസമയം പാചകവാതകത്തിന്റെ വില 15 ദിവസം കൂടുമ്പോഴാണ് പുതുക്കുന്നത്.

എല്‍.പി.ജി. ഉപയോഗം 2020-21ല്‍ ഏകദേശം അഞ്ചു ശതമാനം വര്‍ധിച്ച് 27.6 ദശലക്ഷം ടണ്ണായെന്നാണു റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം ആവശ്യകത രണ്ടു ലക്ഷം ടണ്‍ കൂടി വര്‍ധിക്കുമെന്നാണു വിലയിരുത്തല്‍. ഇന്ത്യ എല്‍.പി.ജിയുടെ 60- 70 ശതമാനവും ക്രൂഡിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. സബ്‌സിഡി ലഭ്യമായിരുന്നെങ്കില്‍, 900 രൂപയുടെ ഒരു റീഫില്ലിന് ഒരു ശരാശരി ഉപഭോക്താവിന് ഏകദേശം 300 രൂപ സബ്‌സിഡി ലഭിക്കുമായിരുന്നു. അതായത് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 36,000 കോടി രൂപയെങ്കിലും ചെലവഴിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത് 23 രൂപ മാത്രമാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved