
ദുബൈ: ഭക്ഷ്യസംസ്‌കരണം ലക്ഷ്യമിട്ട് കളമശേരിയില്‍ 400 കോടി രൂപ മുതല്‍മുടക്കില്‍ ഫുഡ്പാര്‍ക്ക് സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ നടക്കുന്ന ആഗോള ഭക്ഷ്യ മേളയായ 'ഗള്‍ഫുഡില്‍' എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പത്ത് ഏക്കറില്‍ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് നിര്‍മാണം. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി. പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. നിര്‍മാണം ഉടന്‍ ആരംഭിക്കും. അരൂരില്‍ സമുദ്രോല്‍പന്ന കയറ്റുമതികേന്ദ്രം അടുത്തമാസം അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. 150 കോടി രൂപ മുതല്‍ മുടക്കുള്ള കേന്ദ്രം കയറ്റുമതി ലക്ഷ്യമിട്ടാണ് തുറക്കുന്നത്. ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 1500 കോടി രൂപയുടെ പദ്ധതികളാണ് ലുലു ഗ്രൂപ്പ് നടപ്പാക്കുന്നത്.
ലോകത്തെമ്പാടുമുള്ള കമ്പനികള്‍ പങ്കെടുക്കുന്ന 'ഗള്‍ഫുഡ്' ഭക്ഷ്യമേഖലക്ക് ഉണര്‍വ് പകരും. മൂന്ന് വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് ഭരണാധികാരികള്‍ പറയുന്നത്. ഇത് മികച്ച സൂചനയാണ്. ലുലു ഭക്ഷ്യ സംസ്‌കരണത്തിലേക്ക് ചുവടുവെക്കുകയാണ്. സ്വന്തമായി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ലുലു. ഇതിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ തുറക്കും. ഈ വര്‍ഷം കളമശേരിക്ക് പുറമെ യുപിയിലെ നോയ്ഡയിലും ഭക്ഷ്യസംസ്‌കരണ കേന്ദ്രം തുറക്കുമെന്ന് യൂസഫലി പറഞ്ഞു. ഗള്‍ഫുഡിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നിന്ന് ലുലു ഇറക്കുമതി ചെയ്ത ഭക്ഷ്യോല്‍പന്നങ്ങളും യൂസഫലി പുറത്തിറക്കി.