
തിരുവനന്തപുരം: കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തും കോഴിക്കോടും മാളുകള്‍ സ്ഥാപിക്കും. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം നിര്‍മിക്കും. വിഴിഞ്ഞം തുറമുഖം വന്നതിന് ശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ അസംബ്ലിങ് കേന്ദ്രത്തിനുള്ള ഇടം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് മത്സ്യങ്ങള്‍ ശേഖരിച്ച് വിദേശത്തെ ലുലു മാളുകള്‍ വഴി വിറ്റഴിക്കാനാണ് കൊച്ചിയിലെ പദ്ധതി.
തിരുവനന്തപുരത്തെ മാളിന്റെ പ്രവര്‍ത്തനം രണ്ടുകൊല്ലത്തിലധികം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിര്‍മാണം തടസപ്പെട്ടതോടെ അധികമായി ചെലവായി. തിരുവനന്തപുരത്തേത് സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലുലു മാള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. രണ്ടായിരം കോടി രൂപ ചെലവില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്ത് മാള്‍ പണികഴിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ഒമ്പ മണി മുതല്‍ മാള്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. 2,500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഫുഡ് കോര്‍ട്ടും സജ്ജമായി. 200-ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് ലുലു മാളിലെ ഷോപ്പുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പന്ത്രണ്ട് സിനിമാ തീയറ്ററും മാളിനോട് അനുബന്ധിച്ചുണ്ട്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3,500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവും മാളിന്റെ പ്രത്യേകതയാണ്.15000ത്തോളം പേര്‍ക്കാണ് നേരിട്ടും അല്ലാത്തെയും തൊഴിലവസരം നല്‍കാനായതെന്ന് ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി വ്യക്തമാക്കി.