ലുലു ഗ്രൂപ്പ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണശാല തുറക്കുന്നു; പ്രഖ്യാപനവുമായി എം. എ. യൂസഫലി

December 12, 2020 |
|
News

                  ലുലു ഗ്രൂപ്പ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണശാല തുറക്കുന്നു; പ്രഖ്യാപനവുമായി എം. എ. യൂസഫലി

കൊച്ചി: മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണശാല തുറക്കും. ജമ്മു കശ്മീരില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനാണ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണശാല ആരംഭിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.), ഇന്‍വെസ്റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച 'യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റി'ന്റെ ഭാഗമായി ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കാര്‍ഷികോത്പാദനം) നവീന്‍ കുമാര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്.

2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ. സന്ദര്‍ശിച്ച വേളയില്‍ തങ്ങള്‍ നല്‍കിയ നിക്ഷേപ വാഗ്ദാനം നിറവേറ്റിക്കൊണ്ട് ജമ്മുകശ്മീരില്‍ നിന്ന് വിവിധ ശ്രേണിയിലുള്ള പഴങ്ങളും പച്ചക്കറികളും മറ്റ് കാര്‍ഷികോത്പന്നങ്ങളും സംഭരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. നിലവില്‍ കശ്മീരില്‍നിന്ന് ആപ്പിളും കുങ്കുമവും ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വര്‍ഷം കോവിഡ് മഹാമാരിക്കിടയിലും ഇതുവരെ 400 ടണ്‍ ആപ്പിളാണ് കശ്മീരില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്തത്. വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ വര്‍ധിക്കും.

ഇന്ത്യയില്‍നിന്ന് ഭക്ഷ്യോത്പന്നങ്ങളും ഭക്ഷ്യേതര ഉത്പന്നങ്ങളും വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമാണ് ലുലു. പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം തുറക്കുന്നതോടെ കശ്മീരി ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഗള്‍ഫ് മേഖലയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് യൂസഫലി ഉറപ്പുനല്‍കി. സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനായി ആദ്യഘട്ടത്തില്‍ 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുതല്‍മുടക്കുന്നത്. ഏതാണ്ട് മുന്നൂറോളം പേര്‍ക്ക് പ്രത്യക്ഷമായി തൊഴിലവസരവും ഒരുക്കും.

Related Articles

© 2025 Financial Views. All Rights Reserved