കര്‍ണാടകയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

May 24, 2022 |
|
News

                  കര്‍ണാടകയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

കര്‍ണാടകയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ്. കാര്‍ഷിക കയറ്റുമതിക്കായി നാല് ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും സ്ഥാപിക്കുന്നതിനായി ഏകദേശം 2000 കോടി രൂപ നിക്ഷേപിക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു.

ദാവോസില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി എന്നിവരുടെ സാന്നിധ്യത്തില്‍ വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇവി രമണ റെഡ്ഡിയും ലുലു ഡയറക്ടര്‍ എവി അനന്ത് റാമും ഒപ്പുവച്ച ധാരണാപത്രം പ്രകാരം ഈ സാമ്പത്തിക വര്‍ഷം മുതല്‍ നിക്ഷേപം ആരംഭിക്കും. ഇതിലൂടെ 10,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്‌ലറാണ് ലുലു. ഗ്രൂപ്പ് കമ്പനിയായ ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സിന് അരി, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് ഇനങ്ങള്‍ എന്നിവയുടെ കയറ്റുമതി പോര്‍ട്ട്‌ഫോളിയോയുണ്ട്. കൂടാതെ ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.

അടുത്തിടെ രാജ്യത്തെ ഏറ്റവും വലിയ മാള്‍ ലുലു ഗ്രൂപ്പ് തിരുവനന്തപുരത്ത് തുറന്നിരുന്നു. കൂടാതെ, യുപിയിലെ ലഖ്നൗവിലും പുതിയ മാള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ലുലു. ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലഖ്നൗ സുല്‍ത്താന്‍പൂര്‍ ദേശീയ പാതയോരത്തെ മാള്‍ 1,85,800 സ്‌ക്വയര്‍ ഫീറ്റിലാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് മാസം ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് കാരണം വൈകുകയായിരുന്നു. ഈ മാളിന്റെ പദ്ധതി ചെലവിനായി നേരത്തെ കണക്കാക്കിയിരുന്ന 1350 കോടിയില്‍ നിന്ന് 1635 കോടി രൂപയായി ഉയരുകയും ചെയ്തുവെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved